Enter your Email Address to subscribe to our newsletters

Kerala, 4 നവംബര്‍ (H.S.)
‘തിരുവനന്തപുരം; മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട് നിർണ്ണായക വിധിയുമായി കേരളാ ഹൈക്കോടതി. മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി .
ആദ്യ ഭാര്യയുടെ ഭാഗം കേട്ട ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകാവൂ. വിവാഹത്തിൻ്റെ നിയമ സാധുത ശരീഅത്ത് നിയമ പ്രകാരം ബന്ധപ്പെട്ട കോടതിയിൽ നിന്ന് സ്ഥാപിച്ചെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.
ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുതെന്നും ഹൈക്കോടതി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കാണ് മത അവകാശത്തേക്കാൾ പ്രാധാന്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രജിസ്ട്രേഷൻ അതോറിറ്റി രണ്ടാമത്തെ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്‌ലാം മത വിശ്വാസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
വിവാഹ രജിസ്ട്രാർ പുരുഷന്റെ ആദ്യ ഭാര്യയ്ക്ക് നോട്ടീസ് അയയ്ക്കണം. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ അവർ എതിർത്താൽ, രണ്ടാം വിവാഹത്തിന്റെ സാധുത നിർണ്ണയിക്കാൻ കക്ഷികൾക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
---------------
Hindusthan Samachar / Roshith K