Enter your Email Address to subscribe to our newsletters

New delhi, 4 നവംബര്‍ (H.S.)
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍സഭ പ്രതിനിധികള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സൗഹൃദ സന്ദര്‍ശനം എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം.
ഫരീദാബാദ് രൂപതയെ അതിരൂപത ആയി ഉയര്‍ത്തിയത് അടുത്തിടെയാണ്. ഇതേതുടര്‍ന്നുള്ള സന്ദര്‍ശനം എന്നാണ് സഭ നേതൃത്വം പറയുന്നത്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ച് സഭാ നേതൃത്വം പ്രധാനമന്ത്രിയോട് സംസാരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമസഭ തന്നെ പ്രവേശന വിലക്ക് കല്‍പ്പിച്ചിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ വിഷയത്തില്‍ സിറോ മലബാര്‍ സഭ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ രഥയാത്രയുടെ തുടക്കം എന്നാണ് വിലക്കിനെ സിറോ മലബാര്‍ സഭ വിശേഷിപ്പിച്ചത്. പ്രസ്താവനയിലേയും ഫെയ്‌സ്ബുക്ക് പോസ്റ്റിലേയും ശക്തമായ വിമര്‍ശനം മെത്രാന്‍മാര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനം ആരോപിച്ച് എടുത്ത് കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഉന്നയിക്കാനുണ്ട്. ഇതില്‍ ഏതൊക്കെ മെത്രാന്‍മാര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും എന്നാണ് ഇനി അറിയാനുള്ളത്.
---------------
Hindusthan Samachar / Sreejith S