Enter your Email Address to subscribe to our newsletters

Kerala, 5 നവംബര്‍ (H.S.)
എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് നിഗമനം.
കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.
ആന്റണി – റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ നടുക്കിയ മരണം നടന്നത്. ആന്റണിയും റൂത്തും കറുകുറ്റി ചീനിയിലുള്ള റൂത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ റൂത്തിന്റെ രക്ഷിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ അടുക്കളയില്‍ കഞ്ഞിയെടുക്കാന്‍ പോകാന്‍ നേരം റൂത്ത് അമ്മയ്ക്ക് അരികില്‍ കിടത്തി പോയതാണ്. അല്‍പസമയത്തിനുള്ളില്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി.
വിഷാദ രോഗത്തിന് ചികിത്സ തേടുന്നയാളാണ് അമ്മൂമ്മ റോസ്ലി. ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച റോസ്ലി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
---------------
Hindusthan Samachar / Roshith K