Enter your Email Address to subscribe to our newsletters

Palakkadu, 5 നവംബര്‍ (H.S.)
കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം വിമതർ കടുത്ത നിലപാടിൽ. തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെതിരെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. ചിറ്റൂരിൽ സ്പിരിറ്റ് ഒഴുക്കുന്നതിന് നേതൃത്വം നൽകുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവാണെന്ന് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റും വിമത നേതാവുമായ എം. സതീഷ് ആരോപിച്ചു.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ഏഴ് സിപിഐഎം മെമ്പർമാരിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ നാല് പേരും വിമതപക്ഷത്താണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിൽ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയത്. ഏരിയ കമ്മിറ്റി അംഗമായിരുന്ന എം. സതീഷിനെ സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റുമാക്കി. എന്നാൽ തർക്കം തുടങ്ങുന്നത് സമ്മേളന കാലത്താണ്.
മറ്റ് പാർട്ടിയിൽ നിന്ന് വന്നവർക്ക് അനർഹമായി സ്ഥാനം നൽകിയെന്ന് ചൂണ്ടികാണിച്ചു ഒരു വിഭാഗം പാർട്ടി വിട്ടതോടെ പ്രശ്നം രൂക്ഷമായി. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സതീഷിൻ്റെ നേതൃത്വത്തിൽ മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ രൂപീകരിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനാണ് മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊഴിഞ്ഞാമ്പാറ ടൗണിൽ വിമതർ പ്രകടനം നടത്തി.
അതേസമയം കൊഴിഞ്ഞാമ്പാറയിൽ വിമത ഘടകം അല്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഐയും പറയുന്നു. എന്നാൽ സിപിഐഎമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ. ഗുണം ചെയ്യും എന്നാണ് യുഡിഎഫ് വിലയിരുത്തൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR