Enter your Email Address to subscribe to our newsletters

Delhi, 5 നവംബര്‍ (H.S.)
‘സർക്കാർ വോട്ട് ചോരി’ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കാണിച്ച ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ വ്യാജമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വോട്ട് ചോരിയിലെ പുതിയ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ ആണ് വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്.
ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല, എന്നാണ് ബി. ഗോപാലകൃഷ്ണൻ വിഡിയോയിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമായി നിർമിച്ച വീഡിയോ ആണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിന് മറുപടി പറയുകയായിരുന്നു കിരൺ റിജിജു. ഇതാണോ ആറ്റം ബോംബെന്ന് പരിഹസിച്ച കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്നും കിരൺ റിജിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാര്‍ഥികള്‍ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. ഹരിയാന കോൺഗ്രസിലെ നേതാവ് തന്നെ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് തോൽക്കുമെന്ന് പറഞ്ഞതാണ്. കേരളം, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽ തങ്ങളുടെ എതിർ പാർട്ടികൾ എത്ര തവണ വിജയിച്ചു. തങ്ങൾ ഇത്തരം ആരോപണങ്ങൾ നടത്തിയോ? രാജ്യത്തെ സംവിധാനത്തിൽ കോൺഗ്രസിന് വിശ്വാസം ഇല്ല, കിരൺ റിജിജു ചോദിച്ചു.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തൃശൂരിൽ നിന്നും പറഞ്ഞ വാക്കുകളാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. ബിജെപി നേതാവ് ഇത് തുറന്നുപറഞ്ഞു, ഞങ്ങൾ അത് തെളിയിച്ചു, ബി. ഗോപാലകൃഷ്ണൻ്റെ പ്രസ്താവന പ്രദർശിപ്പിച്ച ശേഷം രാഹുൽ പറഞ്ഞു.
ബിജെപി ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. നാളെയും ചെയ്യും. താൻ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാൾ ജമ്മു കശ്മീരിലുണ്ടെങ്കിൽ, അയാൾ അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവർഷം താമസിച്ച് വോട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും അന്ന് ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR