Enter your Email Address to subscribe to our newsletters

Thiruvananthapuram, 5 നവംബര്‍ (H.S.)
സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. വോട്ടർമാരുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ചും ഫോട്ടോ ഉപയോഗിച്ചുമാണ് എഐ ഇരട്ട വോട്ടുകൾ കണ്ടെത്തുക. ഇരട്ട വോട്ട് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാമെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എസ്ഐആർ വിവരശേഖരണം ആരംഭിച്ചതിന് പിന്നാലെ വെബ്സൈറ്റ് പണിമുടക്കിയതിലും രത്തൻ യു.ഖേൽക്കർ പ്രതികരിച്ചു.
സാങ്കേതിക പ്രശ്നമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റ് അനുസരിച്ച് അഞ്ചാം തിയതി മുതൽക്കാണ് ഓൺലൈൻ ഫോം ലഭിക്കുകയെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇന്ന് കൂടി പേര് ചേർക്കാൻ അവസരം. വീണ്ടും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും ഇന്നലെ ആരംഭിച്ചതോടെ നിരവധി അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.
ആദ്യ മണിക്കൂറുകളിൽ കൂടുതൽ അപേക്ഷകൾ വന്നതോടെ കമ്മീഷന്റെ വെബ്സൈറ്റ് തകരാറിലായിരുന്നു. നവംബർ 14ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെൻ്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റ് ആയിരിക്കും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുക. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 2.84 കോടി വോട്ടർമാരാണുണ്ടായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR