വിമോചന സമരത്തിന് സമാനമായ പോരാട്ടത്തിന് സമയമായെന്ന് സീറോ മലബാർ സഭ തൃശൂർ അതിരൂപതയുടെ ആഹ്വാനം.
Thrissur, 5 നവംബര്‍ (H.S.) വിമോചന സമരത്തിന് സമാനമായ പോരാട്ടത്തിന് സമയമായെന്ന് സീറോ മലബാർ സഭ തൃശൂർ അതിരൂപതയുടെ ആഹ്വാനം. മുസ്ലീം പ്രീണനത്തിൽ എല്ലാ മുന്നണികളും ഒരേ തൂവൽ പക്ഷികളാണെന്ന് മുഖപത്രമായ ''കത്തോലിക്കാ സഭ''യിലെ ലേഖനത്തിൽ പറയുന്നു. സമുദായത്തി
Syro malabar church


Thrissur, 5 നവംബര്‍ (H.S.)

വിമോചന സമരത്തിന് സമാനമായ പോരാട്ടത്തിന് സമയമായെന്ന് സീറോ മലബാർ സഭ തൃശൂർ അതിരൂപതയുടെ ആഹ്വാനം. മുസ്ലീം പ്രീണനത്തിൽ എല്ലാ മുന്നണികളും ഒരേ തൂവൽ പക്ഷികളാണെന്ന് മുഖപത്രമായ 'കത്തോലിക്കാ സഭ'യിലെ ലേഖനത്തിൽ പറയുന്നു. സമുദായത്തിന് രാഷ്ട്രീയ പരിഗണനകൾ കിട്ടുന്നില്ല. പള്ളുരുത്തിയിലെ യൂണിഫോം വിഷയത്തിൽ സർക്കാർ വർഗീയ നിലപാട് എടുത്തുവെന്നും മുഖപ്രസംഗത്തിൽ വിമർശനം.

വിദ്യാഭ്യാസ, ന്യൂനപക്ഷ, വനം വകുപ്പുകളെ മുൻനിർത്തി സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചും, വഖഫിൽ കോൺഗ്രസിനെ വിമർശിച്ചും, ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളിൽ സംഘപരിവാറിനെതിരെ വിമർശനം ഉയർത്തിയുമാണ് തൃശൂർ അതിരൂപതയുടെ പ്രതിഷേധം. അതിരൂപതാ മുഖപത്രമായ കത്തോലിക്ക സഭയുടെ നവംബർ ലക്കം മുഖപ്രസംഗത്തിലാണ് സഭയുടെ നിലപാട് പ്രഖ്യാപിച്ചത്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനായ മാർ. ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ്പായ തൃശൂർ അതിരൂപതയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായി പരസ്യ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇതിനായി നവംബർ 9ന് മഹാസംഗമം വിളിച്ചു ചേർക്കും.

സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടാകും അതിരൂപത പ്രഖ്യാപിക്കുക എന്നാണ് സൂചന. സഭയുടെ മുഖപത്രമായ കത്തോലിക്കാ സഭ നവംബർ ലക്കം പേജുകൾ നീക്കിവെച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കാനാണ്.

സംസ്ഥാന സർക്കാരുകൾക്കെതിരെ സഭ നടത്തിയ 1957 ലെ വിദ്യാഭ്യാസ ബില്ല് , 1972 കോളേജ് ദേശസാൽക്കരണ ബില്ല് 2007ലെ ന്യൂനപക്ഷ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം എന്നിവയും, കേന്ദ്രസർക്കാർ കൊണ്ടുവന്ന 1978ലെ ഒ.പി. ത്യാഗി ബില്ലിനെതിരെ സഭ നടത്തിയ പോരാട്ടവും ഓർമിപ്പിച്ച് വിമോചന സമരത്തിന് സമാനമായ സമരത്തിന് ഒരുങ്ങാൻ കത്തോലിക്കാ സഭയുടെ മുഖപത്രം ആഹ്വാനം ചെയ്യുന്നു.

വിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത വിമർശനമാണ് മുഖപത്രം ഉന്നയിക്കുന്നത്. പള്ളുരുത്തിയിലെ യൂണിഫോം വിഷയത്തിൽ സർക്കാർ വർഗീയ നിലപാട് എടുത്തു, മുസ്ലീം സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി സ്കൂൾ അധികൃതരെ മന്ത്രി ഭീഷണിപ്പെടുത്തി, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 16000 അധ്യാപകരുടെ നിയമന ഉത്തരവുകൾ തടഞ്ഞുവച്ചു എന്നിവയാണ് പ്രധാന വിമർശനങ്ങൾ.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവിഭാഗത്തിന് അവഗണന മാത്രമാണെന്നും ഇതുവരെ ചെയർമാൻ സ്ഥാനമോ വകുപ്പ് മന്ത്രിസ്ഥാനം ക്രൈസ്തവർക്ക് ലഭിച്ചിട്ടില്ലെന്നും ഇഡബ്ല്യുഎസ് സംവരണത്തിന്റെ മാനദണ്ഡങ്ങൾ ഒബിസിക്ക് തുല്യമാക്കണമെന്ന സഭയുടെ ആവശ്യത്തിനു പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും കത്തോലിക്കാ സഭ വിമർശിക്കുന്നു. ക്രൈസ്തവരുടെ അഗതി ശുശ്രൂഷ സ്ഥാപനങ്ങളെ നടപ്പാക്കാൻ പറ്റാത്ത മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഞരിക്കാൻ ശ്രമിക്കുന്നു. വനംവകുപ്പിനെതിരെയും കടുത്ത വിമർശനം ഉണ്ട്.

വഖഫ് നിയമത്തെ മുൻനിർത്തി കോൺഗ്രസിനും കടുത്ത വിമർശനം ഉണ്ട്. സുപ്രീംകോടതി വിധി പോലും ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ഭരണഘടനയെ നോക്കുകുത്തിയാക്കി നരസിംഹറാവു, മൻമോഹൻ സർക്കാരുകൾ കൊണ്ടുവന്ന വന നിയമം മറക്കാൻ കഴിയില്ലെന്നും വിമർശിക്കുന്നു.

മുഖപ്രസംഗത്തിന് പുറത്ത് മറ്റൊരു ലേഖനത്തിൽ കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരെ കടുത്ത വിമർശനം ഉണ്ട്. ഉത്തരേന്ത്യയിലെ മതപീഡനങ്ങളെ മുൻനിർത്തിയാണ് ഈ വിമർശനം.ഒപ്പം കേന്ദ്രസർക്കാരിൽ ന്യൂനപക്ഷ കമ്മീഷനിലെ ചെയർമാൻ സ്ഥാനം ലഭിക്കാത്ത അടക്കമുള്ള കാര്യത്തെക്കുറിച്ചും പരാമർശിക്കുന്നു. നവംബർ 9ന് തൃശൂരിൽ നടക്കുന്ന മഹാ സംഗമത്തിലെ രാഷ്ട്രീയ പ്രമേയം ഇതര രൂപതകളിലും ചലനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News