Enter your Email Address to subscribe to our newsletters

Thiruvananthapuram, 5 നവംബര്‍ (H.S.)
കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 50ലേറെ പേരാണ് രാജിവച്ചത്. രാജിയിൽ കെപിസിസി അധ്യക്ഷന് കത്ത് കൈമാറി. രാജിവച്ചവർ സിപിഐഎമ്മിൽ ചേരാൻ സാധ്യതയുണ്ട്.
കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉപേഷ് സുഗതനാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് കത്ത് കൈമാറിയത്. കോവളം നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ നയവഞ്ചന സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രാജികത്തിൽ പറയുന്നു.
നാടിന് ദോഷകരമാകുന്ന പ്രവർത്തനങ്ങളും ദുഷ്ടലാക്കൊടെയുള്ള ചില നേതാക്കളുടെ പ്രവർത്തനങ്ങളും ഇനി പൊറുക്കാനാവില്ല. സ്ഥലം എംഎൽഎയുടെ ഏകാധിപത്യമനോഭാവം പാർട്ടിയുടെ നാശത്തിലേയ്ക്കുള്ള പോക്കാണ്. അതിനാൽ താനും അൻപതോളം പ്രവർത്തകരും പാർട്ടി അംഗത്വം രാജിവയ്ക്കുകയാണെന്ന് ഉപേഷ് സുഗതൻ കത്തിൽ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ടാംഘട്ട പട്ടികയും കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീർ പട്ടികയിൽ ഇടം പിടിച്ചു. 15 പേരുടെ രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. നേരത്തെ 48 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്. 23 സീറ്റുകളിലെ സ്ഥാനാർഥികളെ മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് ഇനി പ്രഖ്യാപിക്കാനുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR