Enter your Email Address to subscribe to our newsletters

Thiruvananthapuram, 5 നവംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സിപിഐഎം നേതാക്കളും കുടുങ്ങും. സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്;
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു.
2018 മുതല്‍ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. കൊള്ളസംഘത്തെ ചവിട്ടി പുറത്താക്കുന്നതിനു പകരം അവരുടെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വര്‍ണക്കൊള്ളയിലെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് മറച്ചുവയ്ക്കാനാണിത്. ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ ശ്രമിച്ചാല്‍ അത് ഒരു കാരണവശാലും അനുവദിക്കില്ല.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ രേഖകളില്‍ ചെമ്പാക്കിയത് എന്‍. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവിനെ അറസ്റ്റു ചെയ്യണം. സ്വര്‍ണം ബാക്കിയുണ്ടെന്നും വിവാഹാവശ്യത്തിന് ഉപയോഗിക്കാമെന്നും അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി 2019 ഡിസംബര്‍ 9-ന് എന്‍. വാസുവിന് ഇ-മെയില്‍ അയച്ചിരുന്നു. ഇക്കാര്യം വാസുവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ വ്യക്തിയാണ് എന്‍.വാസു.
വാസു കമ്മിഷണറായിരുന്ന കാലത്താണ് യുവതിപ്രവേശനം ഉള്‍പ്പെടെ നടന്നത്. കമ്മിഷണര്‍ സ്ഥാനത്തു നിന്നിറങ്ങി ഏതാനും മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തയത് അദ്ദേഹത്തിന് സി.പി.എമ്മിലും സര്‍ക്കാരിലുമുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് സാമാന്യ ബോധമുളളവര്‍ക്ക് മനസിലാകും.
ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്ന സംശയം ഹൈക്കോടതി ഉന്നയിച്ചിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2025ൽ സ്വർണപാളി കൈമാറിയ സംബന്ധിച്ച് മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR