Enter your Email Address to subscribe to our newsletters

Kerala, 5 നവംബര്‍ (H.S.)
യുഎസിലെ ന്യൂയോര്‍ക്ക് മേയറായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍.
ഇന്ത്യന്‍ സമയം ഇന്നു രാവിലെ 7.30നാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകനായ മംദാനിയുടെ ജയം ട്രംപിനു കടുത്ത തിരിച്ചടിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് കുമോയെ ആണ് പിന്തുണച്ചിരുന്നത്.
ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോര്‍ക്ക് തിരഞ്ഞെടുപ്പ് ഫലമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ അബിഗേല്‍ സ്പാന്‍ബെര്‍ഗര്‍ വിര്‍ജിനിയ ഗവര്‍ണറായും മിക്കി ഷെറില്‍ ന്യൂജഴ്‌സി ഗവര്‍ണറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രംപിന് കനത്ത് തിരിച്ചടിയാണ് മംദാനിയുടെ വിജയം. വരും ദിവസങ്ങളിലെ അമേരിക്കന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാണ് മെദാനിയുടെ വിജയം.
---------------
Hindusthan Samachar / Sreejith S