Enter your Email Address to subscribe to our newsletters

Kerala, 5 നവംബര്‍ (H.S.)
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവകലാശാല പ്രതിനിധിയ്ക്ക് പിന്മാറാൻ ആകില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഒഴിവാക്കണമെന്ന ഡോ. എ സാബുവിൻ്റെ ആവശ്യം തള്ളി. സർവകലാശാല സെനറ്റ് ആണ് പട്ടിക നൽകിയത്. ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണം എന്നും രാജ്ഭവൻ്റെ മറുപടി. കഴിഞ്ഞ രണ്ട് വർഷമായി കാലിക്കറ്റ് സർവകലാശാലയിൽ വിസിയില്ല.
കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വന്തം നിലയിൽ വി സി നിയമന അപേക്ഷയും ക്ഷണിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർദേശം. പത്ത് വർഷം പ്രൊഫസർ പോസ്റ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
കഴിഞ്ഞ 31-ാം തീയതിയാണ് ഗവർണർ സെർച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നത്. എന്നാൽ ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റി പ്രതിനിധി സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാനത്തെ 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.
2024 മാർച്ചിൽ, യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എം കെ ജയരാജ് ഉൾപ്പെടെ നിരവധി വിസിമാരുടെ നിയമനങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അസാധുവാക്കിയിരുന്നു . ഇത് ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് നയിച്ചു, ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന സർക്കാരും ഭരണമുന്നണിയും വിമർശിച്ചു.
---------------
Hindusthan Samachar / Roshith K