Enter your Email Address to subscribe to our newsletters

Malappuram, 5 നവംബര്‍ (H.S.)
ചാലിയാർ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം തർക്കങ്ങൾ നിറഞ്ഞ ഭരണകാലമായിരുന്നു. പഞ്ചായത്തിൽ കൂടുതൽ അംഗങ്ങളുള്ളത് യുഡിഎഫിനാണെങ്കിലും, പ്രസിഡൻ്റ് സിപിഐഎം പ്രതിനിധിയാണ്. രണ്ട് പാർട്ടികളുടെ രണ്ടു നയങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ, പല വികസന പദ്ധതികളിലും തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിയാതെ വലിയ പ്രതിസന്ധിയായിരുന്നു ചാലിയാർ കഴിഞ്ഞ അഞ്ച് വർഷവും.
2020 ലെ തെരഞ്ഞെടുപ്പിൽ പട്ടിക വർഗ സംവരണത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തിൽ എസ്‌ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ പാർട്ടിക്ക് വിജയിപ്പിക്കാനായില്ല. വിജയിച്ചത് സിപിഐഎം പ്രതിനിധിയായ മനോഹരനായിരുന്നു.
14 വാർഡുകളുള്ള പഞ്ചായത്തിൽ പ്രസിഡണ്ടിൻ്റ് പാർട്ടിക്ക് ആറ് അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്. ഒരു ലീഗ് അംഗം ഉൾപ്പെടെ എട്ട് പ്രതിനിധികളുടെ ഭൂരിപക്ഷം യുഡിഎഫിനും ലഭിച്ചു. പല പദ്ധതികളും യുഡിഎഫ് നടപ്പിലാക്കുമ്പോൾ പ്രസിഡൻ്റ് സഹകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
എന്നാൽ സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ യുഡിഎഫിന് താത്പര്യമില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. വാർഡ് പുനർവിഭജനത്തോടെ ഇത്തവണ 16 വാർഡുകളാണ് ചാലിയാർ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ തർക്കങ്ങൾ പരിഹരിച്ച് വികസനം നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ചാലിയാർ നിവാസികൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR