Enter your Email Address to subscribe to our newsletters

New delhi, 5 നവംബര്‍ (H.S.)
രാഹുല്‍ ഗാന്ധി ഉടന്‍ എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തും. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് വാര്‍ത്താസമ്മേളനം എന്നതാണ് ആകാംക്ഷയേറ്റുന്നത്. വാര്‍ത്താസമ്മേളനത്തിലെ വിശദാംശങ്ങള്‍ എന്താണെന്നതില്‍ വ്യക്തതയില്ല. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങളാണോ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടത്തിയ കടുത്ത വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണോ എന്നെല്ലാമുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഒരു ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്ന് മുന്നേ പറഞ്ഞിരുന്നതിനാല്‍, അതാണോ ഇത് എന്ന് സംശയിക്കുന്നവരുമുണ്ട്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിന്റെ തൊട്ടുതലേന്ന്, രാഹുല്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിന് എന്തുതന്നെയായാലും വലിയ പ്രാധാന്യമുണ്ട്. മുന്‍പ് വോട്ടുചോരി അടക്കമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാതലത്തില്‍ പ്രത്യേകിച്ചും. നേരത്തേ വോട്ട് ചോരി ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. വോട്ടര്‍പ്പട്ടികയില്‍നിന്ന് ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ നീക്കം ചെയ്തത് തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചിരുന്നു.
അതൊരു ആറ്റം ബോംബ് മാത്രമായിരുന്നെന്നും വോട്ട് ചോരിയെക്കുറിച്ച് ഒരു ഹൈഡ്രജന്‍ ബോംബ് പിറകെ വരാനുണ്ടെന്നുമായിരുന്നു അന്ന് പറഞ്ഞത്. അത്തരത്തില്‍ സുപ്രധാനമായ ഏതെങ്കിലും പുതിയ വിവരങ്ങളുടെ വെളിപ്പെടുത്തലായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
വ്യാഴാഴ്ചയാണ് ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്. 121 മണ്ഡലങ്ങളില്‍ 1314 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 11-നാണ്. 14-നാണ് ഫലപ്രഖ്യാപനം.
---------------
Hindusthan Samachar / Sreejith S