Enter your Email Address to subscribe to our newsletters

New delhi, 5 നവംബര്‍ (H.S.)
ന്യൂഡല്‍ഹി . ഹരിയാനയില്‍ ആസൂത്രിതമായി വോട്ടുകൊള്ള നടത്തി കോണ്‍ഗ്രസിന്റെ വിജയത്തെ തന്നെ അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെളിവായി രാഹുല്‍ ഹാജരാക്കിയതില്‍ കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും. കശ്മീരില്‍ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗമാണ് രാഹുല്‍ പ്രദര്‍ശിപ്പിച്ചത്.
ബിജെപി ജയിക്കാന്‍ കശ്മീരില്‍ നിന്നു വരെ ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തതായി ആരോപണമുയര്‍ന്നപ്പോഴായിരുന്നു ഈ പ്രസ്താവന. ഒരു വര്‍ഷം മുന്‍പ് അത്തരത്തില്‍ ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ്. ബിജെപി ജയിക്കാന്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. നാളെയും അത്തരത്തില്‍ വോട്ട് ചേര്‍ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് ഇന്നത്തെ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച വോട്ടര്‍പട്ടികയിലെ യുവതി ബ്രസീലിയന്‍ ഫോട്ടോഗ്രഫറായ മതീയസ് ഫെറാരോ എടുത്ത ഫോട്ടോയിലെ മോഡലാണെന്നു രാഹുല്‍ പറഞ്ഞു. ഇവരുടെ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചേര്‍ത്ത് 10 ബൂത്തുകളിലായി പല പേരുകളിലായി 22 തവണ ഹരിയാന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ ഫോട്ടോ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. ചിത്രത്തിലുള്ള ബ്രസീലിയന്‍ ഫോട്ടോഗ്രാഫറുടെ ഫേസ്ബുക് പേജിലേക്കുള്ള ക്യുആര്‍ കോഡും രാഹുല്‍ പങ്കുവച്ചു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകള്‍ വരെ ചെയ്തതായും രാഹുല്‍ പറഞ്ഞു. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയില്‍ നടന്നെന്നാണ് രാഹുലിന്റെ ആരോപണം.
---------------
Hindusthan Samachar / Sreejith S