Enter your Email Address to subscribe to our newsletters

Kozhikode, 5 നവംബര്‍ (H.S.)
കോർപ്പറേഷൻ്റെ അവസാന കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. പിൻവാതിൽ നിയമനം ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം നടത്തിയത്. ബിജെപി അംഗങ്ങൾ അജണ്ട കീറിയെറിഞ്ഞു. എന്നാൽ 268 അജണ്ടകളും പാസാക്കി കൗൺസിൽ പിരിഞ്ഞു.
അതേസമയം, അവസാനത്തെ കൗൺസിൽ ആണ് എന്ന തെറ്റിദ്ധാരണയിലാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയതെന്ന് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. എന്നാൽ നാളെയും കൗൺസിൽ ഉണ്ടാകുമെന്നും മുസാഫിർ അഹമ്മദ് പറഞ്ഞു.
ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിൽ എന്താണ് സുതാര്യത കുറവ് എന്ന് പ്രതിപക്ഷ കൗൺസിലർമാർ തന്നെ വ്യക്തമാക്കണം. അത് വിശദീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് നിയമനം നടന്നിരിക്കുന്നത്. നിയമനം നടത്തിയ സമയത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിട്ടില്ല. അവരെ സ്ഥിരപ്പെടുത്തുമ്പോഴും വിയോജനകുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല, മുസാഫിർ അഹമ്മദ്.
പാർട്ടി ഓഫീസിൽ നിന്ന് തരുന്ന ലിസ്റ്റ് അല്ല നിയമനത്തിന്റെ മാനദണ്ഡമെന്നും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പറഞ്ഞു. ഇന്റർവ്യൂവിൽ നിന്ന് പുറത്തായവരിൽ സിപിഐഎമ്മുകാരുണ്ട്. ശാരീരിക പരിശോധന പോലും നടത്തിയാണ് കണ്ടിജന്റ് ജീവനക്കാരെ എടുത്തത്. ഇന്റർവ്യൂ ബോർഡ് അഭിമുഖം നടത്തിയാണ് നിയമിച്ചത്. പകരം തൊഴിലാളികളെ ആണ് വെക്കുന്നത്. അതും താത്കാലിക നിയമനം ആണെന്നും ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
പ്രതിപക്ഷം എത്തിയത് നേരത്തെ തയ്യാറാക്കിയ ബാനറുമായി. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പൊളിറ്റിക്കൽ സ്റ്റണ്ടാണിത്. നിയമനം സുതാര്യമാണ്. പിൻവാതിൽ നിയമനം അല്ല മുൻവാതിൽ നിയമനമാണ് നടന്നത്. 235 പേരെയാണ് നിയമിച്ചത്. 268 അജണ്ടകൾ ആണ് ചർച്ച ചെയ്തത്. വളരെ സുപ്രധാനമായ അജണ്ടകൾ ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. നിരന്തരം പുകമറ സൃഷ്ടിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നു. കോഴിക്കോടിന്റെ പാരമ്പര്യം പ്രതിപക്ഷം കളഞ്ഞുകുളിച്ചെന്നും ഡെപ്യൂട്ടി മേയർ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR