Enter your Email Address to subscribe to our newsletters

Kochi, 5 നവംബര്‍ (H.S.)
ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന് നല്‍കിയതില്‍ വിമര്‍ശനം കനക്കുന്നു. ഒന്നിലധികം പെണ്‍കുട്ടികള്‍ ലൈംഗികചൂഷണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് തന്നെ പരാതി നല്‍കിയിട്ടും പുരസ്‌കാരം നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ ചെറുതായി തുടങ്ങിയ വിമര്‍ശനം ഇപ്പോള്‍ ശക്തിപ്രാപിച്ചിട്ടുണ്ട്.
സ്ത്രീപീഡകന് ജനങ്ങളുടെ നികുതിപണം എടുത്ത് അവാര്‍ഡ് നല്‍കുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് നടന്‍ ജോയ് മാത്യു വിമര്‍ശിച്ചു. ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയാലും നിമത്തിന് മുന്നില്‍ തെറ്റുകാരനാണ്. വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കണമെന്നും ജോയ് മാത്യു കുറിച്ചു.
സിനിമാ മേഖലയില്‍ നിന്ന് തന്നെ സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുരസ്‌കാരം ലഭിച്ച പാട്ടിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ വേടന്റെ ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളുടെ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണെന്ന്
തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ വിമര്‍ശിച്ചിരുന്നു.കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായി ഇരയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ടിബി മിനിയും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വേടനു പുരസ്‌കാരം കിട്ടിയത് ഔദാര്യമല്ല. എന്നാല്‍ വേടന്റെ സ്ത്രീകളോടുള്ള നിലപാട് ശരിയല്ല. ഇത്രക്ക് കേസ് നിലനില്‍ക്കുമ്പോള്‍ എന്തിന്റെ പേരിലായാലും ഇത്തരം അവാര്‍ഡുകള്‍ നില്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്നും മിനി വ്യക്തമാക്കി.
ചെറിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സാംസ്‌കാരിക മന്ത്രി നടത്തിയ ഒരു പരാമര്‍ശവും ഇപ്പോള്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. 'വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു' എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഫോറസ്റ്റ കേസ്, കഞ്ചാവ് കേസ്, ഒപ്പം ബലാത്സംഗക്കേസ് എന്നിവയില്‍ ഉള്‍പ്പെട്ട ആളെ സ്വീകരിച്ചു എന്നാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദ്യം ഉയര്‍ന്നു. ഇതോടെ കേരളത്തില്‍ മികച്ച ഗാനരചയിതാക്കള്‍ ഏറെയുണ്ടായിട്ടും, ഗാനരചയിതാവല്ലാത്ത വേടന് പോലും മികച്ച ഒരു ഗാനത്തിന്റെ പേരില്‍ പുരസ്‌കാരം നല്‍കിയത് ജൂറിയുടെ തുറന്ന സമീപനമാണ് കാണിക്കുന്നതെന്നും, ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മന്ത്രി പിന്നീട് തിരുത്തി. എന്നാല്‍ ഇത് വേടന് പോലും സ്വീകാര്യമായിട്ടില്ല. മന്ത്രി പ്രതികരണം അപമാനിക്കുന്നതിന് തുല്യമെന്നു വേടന്‍ പ്രതികരിച്ചു. പാട്ടിലൂടെ മറുപടി നല്‍കുമെന്നും വേടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S