എസ്.എ.റ്റി യിലെ വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമെന്ന് പരാതി : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thiruvanathapuram, 5 നവംബര്‍ (H.S.) തിരുവനന്തപുരം : എസ്.എ.റ്റി. ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്ററിൽ 11 എണ്ണം പ്രവർത്തിക്കുന്നില്ലെന്ന പരാതിയെകുറിച്ച് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ
Human Rights Commission


Thiruvanathapuram, 5 നവംബര്‍ (H.S.)

തിരുവനന്തപുരം : എസ്.എ.റ്റി. ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്ററിൽ 11 എണ്ണം പ്രവർത്തിക്കുന്നില്ലെന്ന പരാതിയെകുറിച്ച് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മെഡിക്കൽ എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പീഡിയാട്രിക്ക് സർജറിയിലെയും നവജാതശിശുരോഗ വിഭാഗത്തിലെയും വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാണോ എന്ന് പ്രത്യേകം പരിശോധിക്കണം. വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ തകരാറുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കണം. വെന്റിലേറ്ററുകൾ മാറ്റി വാങ്ങണമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. എസ്.എ.റ്റി. ആശുപത്രി സൂപ്രണ്ട് ഒരു മാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.

വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമല്ലെന്ന പരാതിയെകുറിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പുതിയ വെന്റിലേറ്ററുകൾ വാങ്ങണമെങ്കിൽ അതിനായി സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി ഡി.എം.ഇ, എസ്.എ.റ്റി. ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി, ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി എന്നിവർ ഡിസംബറിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News