Enter your Email Address to subscribe to our newsletters

Thiruvananthapuram, 6 നവംബര്‍ (H.S.)
തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികൻ മരിച്ചു. ബസിന് അടിയില്‍പ്പെട്ടു പോകുകയായിരുന്നു.
തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് ഉച്ചക്ക് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മഞ്ചവിളാകം സ്വദേശി രാജേഷ് ആണ് മരിച്ചത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്‌ആര്‍ടിസി ബസിനെ ഇടതുവശത്തൂകൂടെ യുവാവ് മറികടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞത്. ഇതോടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു.
ഇടതുവശത്തെ റോഡിന് പുറത്തുള്ള മണ്ണുള്ള ഭാഗത്ത് വെച്ച് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതും ബസിന് അടിയിലേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തില്‍ ഇന്നലെ കൊല്ലത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്കൂട്ടർ യാത്രികന് മരണപ്പെട്ടിരുന്നു. ബസിന്റെ മരണപ്പാച്ചിലാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുള്‍ മുത്തലിഫ് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് വച്ചുതന്നെ അബ്ദുള്‍ മരണപ്പെട്ടിരുന്നു. തേവലക്കര പടപ്പനാലില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR