ഇനി വയോജനങ്ങൾ ഒറ്റയ്‌ക്കാകില്ല; കോട്ടയത്തെ അയ്മനം പഞ്ചായത്തിൽ പകൽ വീട് ഒരുങ്ങി
Kottayam, 6 നവംബര്‍ (H.S.) വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന വയോജനങ്ങളെ ചേർത്ത് പിടിക്കാൻ അയ്മനം പഞ്ചായത്ത്. വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്ത് പകൽ വീട് ഒരുക്കിയിരിക്കുകയാണ്. നാലാം വാർഡായ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട
KOTTAYAM


Kottayam, 6 നവംബര്‍ (H.S.)

വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന വയോജനങ്ങളെ ചേർത്ത് പിടിക്കാൻ അയ്മനം പഞ്ചായത്ത്. വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്ത് പകൽ വീട് ഒരുക്കിയിരിക്കുകയാണ്. നാലാം വാർഡായ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് ഒരുങ്ങുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഇരുപത്തിരണ്ട് ലക്ഷം രൂപ ചെലവിട്ടാണ് പകൽ വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്.

അയ്മനം പഞ്ചായത്തിലെ ഇരുപത് വാർഡുകളിലായി പകൽസമയത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരുപാട് വയോജനങ്ങളുണ്ട്. വാർഡ് മെമ്പർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ, ഇവർക്ക് ഒന്നിച്ചിരിക്കാൻ ഒരിടമെന്ന ചിന്ത ഉടലെടുക്കുകയായിരുന്നു.

ഇരുപത് വാർഡുകളിലുമുള്ള വയോജനങ്ങൾക്ക് പകൽവീട് പ്രയോജനപ്പെടുത്താൻ കഴിയും. പ്രായമായവരെ ഇവിടെയെത്തിക്കാനുള്ള ഗതാഗത സംവിധാനവും പഞ്ചായത്തിൻ്റെ പരിഗണനയിലുണ്ട്. വിനോദപരിപാടികളടക്കം സംഘടിപ്പിച്ച് പഞ്ചായത്തിനെ പൂർണമായും വയോജന സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണസമിതി.

2023ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇവിടെ വയോജന പാർക്ക് നിർമിച്ചിരുന്നു. അതിനോട് തൊട്ടുചേർന്നാണ് പകൽവീടിൻ്റെ നിർമാണവും നടക്കുന്നത്. പകൽവീട്ടിൽ സമയം ചെലവഴിക്കുന്നവർക്ക് ലഘുഭക്ഷണമടക്കം ഒരുക്കുന്നുണ്ട്. വയോജനങ്ങൾക്കുള്ള വിനോദപരിപാടികൾ രണ്ടാംഘട്ടത്തിലാകും ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News