Enter your Email Address to subscribe to our newsletters

Kannur, 6 നവംബര്‍ (H.S.)
കോർപറേഷൻ്റെ മലിനജല സംസ്കരണ പ്ലാൻ്റ് നിർമാണ കരാറിലെ അഴിമതി ചർച്ചയാക്കി സിപിഐഎം. അഴിമതി നടന്നെന്ന ആരോപണത്തിന് തെളിവുകളുമായി ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് രംഗത്തെത്തി. നേരത്തെ തീരുമാനിച്ച കമ്പനിക്ക് കരാർ നൽകുന്നതിനായി ടെണ്ടർ മാനദണ്ഡങ്ങളും നടപടികളും മേയർ അട്ടിമറിച്ചെന്ന് രാഗേഷ് ആരോപിച്ചു.
140 കോടി രൂപ ചിലവിൽ മരക്കാർക്കണ്ടിയിൽ കോർപ്പറേഷൻ നിർമിക്കുന്ന സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നിർമാണ കരാറുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. യുഡിഎഫ് ഭരണസമിതിയുടെ വഴിവിട്ട നീക്കത്തിലൂടെയാണ് കോയ ആൻഡ് കമ്പനി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന് കരാർ ലഭിച്ചത് എന്നാണ് സിപിഐഎം ആരോപിക്കുന്നത്.
40 കോടിരൂപ എന്ന് തെറ്റിദ്ധരിപ്പിച്ച് ആദ്യം പദ്ധതി ടെണ്ടർ ചെയ്തത് വലിയ കരാറുകാരെ ഒഴിവാക്കാനാണെന്നാണ് ആരോപണം. തുകയിൽ മാറ്റം വന്നത് സാങ്കേതിക പ്രശ്നമെന്നായിരുന്നു മേയറുടെ വിശദീകരണം. എന്നാൽ 40 കോടിയുടെ ടെണ്ടർ 140 കോടി ആക്കിയെന്നതിന് രേഖയുണ്ടെന്ന് രാഗേഷ് പറഞ്ഞു.
ടെണ്ടർ പ്രകാരം കരാറുകാരന് ഇഷ്ടമുള്ള പോലെ പണി പൂർത്തിയാക്കാം എന്നതാണ് മറ്റൊരു ആക്ഷേപം. പരാതി ഉയർന്നതിന് പിന്നാലെ നിലവിൽ മുഴുവൻ ഫയലും വകുപ്പ് മന്ത്രി വിളിപ്പിച്ചിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണമുണ്ടാകുമെന്നും രാഗേഷ് പറഞ്ഞു.
കരാറുകാരിൽനിന്ന് മേയർ കോടികൾ കൈക്കൂലി വാങ്ങിയെന്നും കരാറുകാരുമായി ബന്ധപ്പെട്ട ആളുകൾ സിപിഐഎം ഓഫിസിലെത്തി എന്തുവേണമെങ്കിലും ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്‌തുവെന്നും നേരെത്ത രാഗേഷ് പറഞ്ഞിരുന്നു.
അതേസമയം, ആരോപണം തള്ളിയ മേയർ മുസ്‌ലിഹ് മഠത്തിൽ ഇതുവരെയും കരാറിൽ ഒപ്പ് വച്ചിട്ടില്ലെന്ന് ആവർത്തിച്ചു. സിപിഐഎം ബന്ധമുള്ള കമ്പനിക്ക് കരാർ നൽകാത്തതിനാലാണ് കെ. കെ. രാഗേഷ് ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തെത്തിയതെന്നും മേയർ അവകാശപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR