Enter your Email Address to subscribe to our newsletters

Thrissur, 6 നവംബര്‍ (H.S.)
കേരളത്തിന് അനുവദിക്കുമെന്നുറപ്പിച്ച ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൻ്റെ ഉറച്ച നിലപാട് ആവർത്തിച്ച് എം.പി.സുരേഷ് ഗോപി.
സംസ്ഥാനത്തിനായുള്ള എയിംസ് പദ്ധതി നടപ്പിലാക്കുന്നതില്‍ താൻ പ്രതിജ്ഞാബദ്ധനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഥാപനത്തിൻ്റെ സ്ഥലം സംബന്ധിച്ച് തൻ്റെ മുൻഗണനയും പൊതുവേദിയില്‍ പങ്കുവെച്ചു. പദ്ധതി ആലപ്പുഴ ജില്ലയില്‍ യാഥാർത്ഥ്യമാകണമെന്നാണ് തൻ്റെ അതിയായ ആഗ്രഹമെന്നും, അപ്രതീക്ഷിതമായി ആലപ്പുഴക്ക് അത് നഷ്ടമായാല്‍ തൃശ്ശൂരിനെ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ നടന്ന ‘കോഫി ടൈം’ പരിപാടിയില്‍ ജനങ്ങളുമായി സംവദിക്കുമ്ബോഴാണ് സുരേഷ് ഗോപി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
”കേരളത്തിന് എയിംസ് അനുവദിക്കുമ്ബോള്‍ അത് ആലപ്പുഴയില്‍ തന്നെ വരണം. നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം പിന്നോട്ട് പോയ ഒരു ജില്ല വേറെയില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഇടുക്കി പോലുള്ള പ്രദേശങ്ങള്‍ പ്രായോഗികമല്ലാത്തതിനാല്‍, ആലപ്പുഴയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം,” അദ്ദേഹം പറഞ്ഞു. എന്നാല്‍, ആലപ്പുഴയില്‍ പദ്ധതിക്ക് തടസ്സമുണ്ടായാല്‍ തൃശ്ശൂരിൻ്റെ ശക്തി കേന്ദ്രത്തില്‍ അത് സ്ഥാപിക്കാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മാത്രമല്ല, കേരളത്തില്‍ എവിടെയാണെങ്കിലും എയിംസിൻ്റെ തറക്കല്ലിടല്‍ ചടങ്ങ് പൂർത്തിയാക്കാതെ താൻ അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കില്ലെന്ന ശക്തമായ രാഷ്ട്രീയ പ്രതിജ്ഞയും അദ്ദേഹം ആവർത്തിച്ചു.
എയിംസ് വിഷയത്തില്‍ എം.പി.യുടെ നിലപാട് മുൻപും ശ്രദ്ധേയമായിരുന്നു. തൃശ്ശൂരില്‍ നടന്ന ഒരു ചർച്ചയ്ക്കിടെ, സ്വീകാര്യമായ സ്ഥലം ലഭ്യമല്ലെങ്കില്‍ പദ്ധതി തമിഴ്‌നാട്ടിലേക്ക് മാറ്റേണ്ടി വരുമെന്ന അദ്ദേഹത്തിൻ്റെ പരാമർശം ബി.ജെ.പി.ക്കുള്ളില്‍ തന്നെ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കാസർകോട്, തിരുവനന്തപുരം തുടങ്ങി മറ്റ് ജില്ലകള്‍ക്ക് വേണ്ടി പാർട്ടിയിലെ ചില നേതാക്കള്‍ രംഗത്തുവരുകയും ചെയ്തു. കനത്ത വിമർശനം നേരിട്ട സാഹചര്യത്തില്‍, സുരേഷ് ഗോപി തൻ്റെ പഴയ പ്രസ്താവന പൂർണ്ണമായി നിഷേധിക്കുകയും ചെയ്തു. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞ അദ്ദേഹം, അതു തെളിയിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് രാജിവെച്ച് പുറത്തുപോകാൻ തയ്യാറാണെന്ന വെല്ലുവിളിയും പിന്നീട് ഉയർത്തിയിരുന്നു. രാഷ്ട്രീയത്തിലെ ഈ മലക്കംമറിച്ചിലിനിടയിലും, എയിംസ് കേരളത്തില്‍ ഉറപ്പാക്കുമെന്ന തൻ്റെ വാഗ്ദാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR