Enter your Email Address to subscribe to our newsletters

Thiruvananthapuram, 6 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികള്‍.
തിരുവനന്തപുരം നഗരസഭയില്‍ തുടർഭരണം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. മേയർ സ്ഥാനാർത്ഥിയായി മുൻ എംഎല്‍എ കെഎസ് ശബരീനാഥിനെ കോണ്‍ഗ്രസ് ആദ്യമേ തന്നെ പ്രഖ്യാപിച്ചതോടെ വളരെ കണിശതയോടെയാണ് സിപിഎം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കൂടിയാലോചനകളും ചർച്ചകളും മുന്നോട്ട് കൊണ്ടുപോകുന്നത്. പരിചയസമ്ബന്നരെയും യുവമുഖങ്ങളെയും ഉള്‍പ്പെടുത്തി മികച്ച സ്ഥാനാർഥി നിര ഒരുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് മുൻ എംഎല്‍എ ശബരീനാഥനെ മുന്നില്‍ നിർത്തി തെരഞ്ഞെടുപ്പില്‍ ഇറങ്ങാനൊരുങ്ങുന്ന സാഹചര്യത്തെ എല്‍ഡിഎഫ് ഇഗൗരവത്തോടെയാണ് കാണുന്നത്. ബിജെപിയുടെ വെല്ലുവിളിയും പ്രതീക്ഷിച്ചതിലും കടുപ്പമേറിയതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമോയെന്നതാണ് ഇപ്പോള്‍ എല്‍ഡിഎഫ് വൃത്തങ്ങളില്‍ ചർച്ചാവിഷയം.
മേയർ സ്ഥാനം ഇത്തവണ ജനറല്‍ വിഭാഗത്തിലായതിനാല്‍ നിലവിലെ മേയർ ആര്യ രാജേന്ദ്രൻ മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാർട്ടി ആര്യയെ അതിനായി സജ്ജമാക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുൻ ജനറല്‍ സെക്രട്ടറിയുമായ എസ്.പി. ദീപക്കാണ് മേയർ സ്ഥാനാർഥിത്വത്തിനായി പ്രധാന പരിഗണനയില്‍. കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എ. സുന്ദർ, ആർ.പി. ശിവജി എന്നിവരും മത്സരരംഗത്തുണ്ടാകാനാണ് സാധ്യത.
മുൻ എംപിയും മുതിർന്ന നേതാവുമായ എ. സമ്ബത്തിന്റെ പേരും മേയർ സ്ഥാനാർഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സമ്ബത്തിന്റെ പരിചയസമ്ബത്ത് എല്‍ഡിഎഫിന് വലിയ ആനുകൂല്യം നല്‍കുമെന്നത് പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സിപിഎം ചാല ഏരിയാ സെക്രട്ടറിയായ എസ്. ജയില്‍ കുമാർ, മുൻ മേയർ കെ. ശ്രീകുമാർ, ചാല സുന്ദർ, വഞ്ചിയൂർ ബാബു എന്നിവരുടെ പേരുകളും സ്ഥാനാർഥിത്വത്തിനായി പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി എല്‍ഡിഎഫിന്റെ പട്ടിക പുറത്തുവരുമെന്നതാണ് പാർട്ടി വൃത്തങ്ങളുടെ സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR