Enter your Email Address to subscribe to our newsletters

Bihar, 6 നവംബര്‍ (H.S.)
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപാര്‍ട്ടികളും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഷ്ട്രീയലാഭത്തിനുവേണ്ടി ജനങ്ങളെ നുണകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അരരിയയില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധനചെയ്യവേ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനേക്കാള്‍, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും മോദി ആരോപിച്ചു.
ബിഹാറിനെ ക്രമക്കേടുകളിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടത് ആര്‍ജെഡി നേതൃത്വം നല്‍കിയ 1990-കളിലെ സര്‍ക്കാരുകളാണെന്നും മോദി ആരോപിച്ചു. ഒരിക്കല്‍ നിങ്ങളുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നല്‍കിയ വോട്ടുകള്‍ ബിഹാറിനെ സാമൂഹികനീതിയുടെ നാടാക്കി മാറ്റിയിരുന്നു. എന്നാല്‍, തൊണ്ണറുകളായപ്പോള്‍ ആര്‍ജെഡിയുടെ ജംഗിള്‍രാജ് ബിഹാറിനെ ആക്രമിച്ചു. തോക്കുകള്‍, ക്രൂരത, അഴിമതി, ദുര്‍ഭരണം ഇവ ബിഹാറിന്റെ കാലക്കേടുകളായി. നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ ചതച്ചരയ്ക്കപ്പെട്ടു, മോദി പറഞ്ഞു.
ആര്‍ജെഡി സംസ്ഥാനം ഭരിച്ച പതിനഞ്ചുവര്‍ഷക്കാലം യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നും മോദി ആരോപിച്ചു. ഭരണമെന്ന പേരില്‍ നിങ്ങള്‍ കൊള്ളയടിക്കപ്പെടുക മാത്രമാണുണ്ടായത്. 15 കൊല്ലത്തെ ജംഗിള്‍ രാജിനിടയില്‍ ബിഹാറില്‍ എത്ര എക്സ്പ്രസ് വേകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്-പൂജ്യം, അദ്ദേഹം പറഞ്ഞു.
243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് രണ്ടുഘട്ടമായാണ് പോളിങ് നടക്കുന്നത്. ആദ്യഘട്ടം ഇന്നും രണ്ടാംഘട്ടം പതിനൊന്നാം തീയതിയുമാണ് നടക്കുന്നത്. നവംബര്‍ പതിനാലിനാണ് വോട്ടെണ്ണല്‍.
---------------
Hindusthan Samachar / Sreejith S