Enter your Email Address to subscribe to our newsletters

New delhi, 6 നവംബര്‍ (H.S.)
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (MCD) നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പ്രിയങ്ക റായ് എന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹിയിലെ മാളവ്യ നഗറിനടുത്തുള്ള ഖിര്‍ക്കി വില്ലേജ് റോഡില്‍ ടൂവീലറില്‍ യാത്ര ചെയ്യുമ്പോള്‍ നായ്ക്കള്‍ പ്രിയങ്കയെ ആക്രമിച്ചത്. ഹര്‍ജിയില്‍ യുവതി, പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക ഫോര്‍മുല ഉപയോഗിച്ചാണ് നഷ്ടപരിഹാരത്തുക കണക്കാക്കിയത്.
2023ലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി അനുസരിച്ച്, നായയുടെ കടിയേറ്റ പാടുകളുടെ എണ്ണം, മാംസം വലിച്ചെടുത്തോ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. പ്രിയങ്ക റായ് ഈ ഫോര്‍മുല അനുസരിച്ചാണ് തുക കണക്കാക്കിയത്.
മുറിവിന്റെ ആകെ വലുപ്പം 12 സെന്റിമീറ്ററാണ്. ഫോര്‍മുല പ്രകാരം 0.2 സെമീ മുറിവിന് 20,000 രൂപ കണക്കാക്കുമ്പോള്‍, അവര്‍ 12 ലക്ഷമാണ് ആവശ്യപ്പെട്ടത്. ആക്രമണത്തില്‍ നായയുടെ 42 പല്ലുകളും ഉപയോഗിച്ചു എന്ന് അവകാശപ്പെട്ട്, ഒരു പല്ലിന്റെ പാടിന് 10,000 രൂപ നിരക്കില്‍ 4.2 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടു. ശാരീരികവും മാനസികവുമായ ആഘാതത്തിന് 3.8 ലക്ഷം രൂപ കൂടി ചേര്‍ത്തതോടെയാണ് യുവതിയുടെ മൊത്തം ക്ലെയിം 20 ലക്ഷം രൂപയില്‍ എത്തിയത്.
ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ MCDക്ക് സമയം അനുവദിച്ചിട്ടുണ്ട്. തെരുവ് കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം കണക്കാക്കാന്‍ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
---------------
Hindusthan Samachar / Sreejith S