Enter your Email Address to subscribe to our newsletters

Thiruvanathapuram, 6 നവംബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ള അടക്കമുള്ള വിവാദങ്ങളെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നീട്ടേണ്ടെന്ന ധാരണയില്‍ സിപിഎം. പിഎസ് പ്രശാന്ത് പ്രസിഡന്റും പിഡി സന്തോഷ് കുമാര്‍, എ അജിത്ത് കുമാര്‍ എന്നിവര്‍ മെമ്പര്‍മാരും ആയുളള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തി ആയിരുന്നു. എന്നാല്‍ ശബരിമല സീസണ്‍ തുടങ്ങുന്നത് കൂടി പരിഗണിച്ച് ഭരണസമിതിയുടെ കാലാവധി നീട്ടാന്‍ ആലോചന ഉണ്ടായിരുന്നു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനുളള നടപടികളും തുടങ്ങിയിരുന്നു.
എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സിപിഎം തിടുക്കപ്പെട്ട് പിന്നോട്ട് പോയിരിക്കുകയാണ്. സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റാണ് പുതിയ ഭരണസമിതി എന്ന തീരുമാനത്തിലേക്ക് എത്തിയത്. നാളെ ചേരുന്ന പതിവ് സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഹരിപ്പാട് മുന്‍ എംഎല്‍എ ടികെ ദേവകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റാകും. സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനും എത്തും.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം പ്രശാന്തിലേക്കും എത്തും എന്ന ഭയകൊണ്ടാണോ സിപിഎം ഇത്തരമൊരു തീരുമാനം എടുത്തത് എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയത്. ഇതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകളും കോടതി ഇടപെടലുകളുമാണ് ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വിവരങ്ങള്‍ പുറത്ത് വരാന്‍ ഇടയാക്കിയത്.
---------------
Hindusthan Samachar / Sreejith S