Enter your Email Address to subscribe to our newsletters

Bengaluru , 6 നവംബര്‍ (H.S.)
ബംഗളൂരു: ബംഗളൂരു സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതിയെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന റെനെ ജോഷിൻഡയേയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്.
ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്കൂളുകളിലും പൊതുയിടങ്ങളിലും ഇവർ ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചിട്ടുണ്ട്. ജൂണിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കർണാടക പൊലീസിന്റെ നടപടി. ഗുജറാത്ത് വിമാനാപകടം പോലെ സ്കൂളുകൾ തകർക്കുമെന്നായിരുന്നു ഭീഷണി ഇമെയിലുകളിൽ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിന്റെ (വിപിഎൻ) സഹായത്തോടെയാണ് റെനെ ഇമെയിലുകൾ അയക്കുന്നത്.
യുവാവാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് വരുത്തിതീർക്കാനായിരുന്നു യുവതിയുടെ ഉദ്ദേശ്യം. രാജ്യത്തുടനീളമുളള പൊലീസ് സ്റ്റേഷനുകളിൽ റെനെ ജോഷിൻഡയ്ക്കെതിരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോയിന്റ് പൊലീസ് കമ്മീഷണർ (വെസ്റ്റ് ഡിവിഷൻ) വംശി കൃഷ്ണ, ഡിസിപി (നോർത്ത് ഡിവിഷൻ) നെമഗൗഡ എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സോഫ്റ്റ്‌വെയർ എഞ്ചിനിയറായിരുന്ന റെനെ ജോഷിൻഡ മുൻ കാമുകനോടുള്ള പ്രതികാര നടപടിയായാണ് നഗരത്തിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K