Enter your Email Address to subscribe to our newsletters

Thiruvanathapuram, 6 നവംബര്‍ (H.S.)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വഞ്ചിയൂര്‍ പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിറമണ്‍കര സ്വദേശിയായ മുത്തുകുമാര്‍ ആണ് പോലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന മുത്തുകുമാര്‍ ഒരു വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പീഡനത്തിന് ശേഷം ഇയാള്‍ ഉടന്‍ തന്നെ കേരളം വിട്ട് ഒളിവില്‍ പോവുകയായിരുന്നു. ഒളിവിലിരുന്ന കാലയളവില്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സംസാരിക്കാന്‍ പബ്ലിക് ടെലിഫോണ്‍ ബൂത്തുകളെ മാത്രമാണ് ആശ്രയിച്ചത്. ബാങ്ക് ഇടപാടുകള്‍ പൂര്‍ണ്ണമായും ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയാണ് നടത്തിയിരുന്നത്. ഒളിവില്‍ കഴിയുന്നതിനിടെ മതം മാറിയ പ്രതി, സാം എന്ന പേര് സ്വീകരിക്കുകയും പാസ്റ്ററായി തമിഴ്നാട്ടില്‍ ജീവിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ ഇയാള്‍ രണ്ട് വിവാഹം കഴിച്ചതായും പോലീസ് അറിയിച്ചു.
പ്രതിയെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണം അതീവ സങ്കീര്‍ണ്ണമായിരുന്നു. പ്രതി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150-ഓളം ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും, 30-ല്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുമാണ് മുത്തുകുമാറിനെക്കുറിച്ചുള്ള നിര്‍ണ്ണായക സൂചനകള്‍ പോലീസിന് ലഭിച്ചത്. ഈ സൂചനകളുടെ അടിസ്ഥാനത്തിലാണ് മുത്തുകുമാറിനെ തമിഴ്നാട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / Sreejith S