Enter your Email Address to subscribe to our newsletters

Kozhikode, 6 നവംബര്‍ (H.S.)
കോഴിക്കോട്∙ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കോർപറേഷനിൽ 235 ശുചീകരണ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കം കൗൺസിൽ യോഗത്തിൽ വൻ ബഹളത്തിനിടയാക്കി. പിൻവാതിൽ നിയമനം ആരോപിച്ച് ബാനറുമായി മേയറുടെ ഡയസിനു മുൻപിൽ മുദ്രാവാക്യവുമായി നിലകൊണ്ട യുഡിഎഫ് കൗൺസിലർമാരും പ്രതിരോധിക്കാനെത്തിയ എൽഡിഎഫ് കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമായി.6 മിനിറ്റിനകം, അവശേഷിച്ച 246 അജൻഡകൾ ചർച്ച കൂടാതെ പാസാക്കി യോഗം അവസാനിപ്പിച്ചു.
എൽഡിഎഫും യുഡിഎഫും ചേർന്ന് കൗൺസിൽ യോഗം അട്ടിമറിച്ചെന്നാരോപിച്ച് ബിജെപി കൗൺസിലർമാർ അജൻഡ കീറി വലിച്ചെറിഞ്ഞു. അവസാന കൗൺസിൽ യോഗം അലങ്കോലമായി പിരിഞ്ഞു.
ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2 ഘട്ടങ്ങളിലായി 235 ശുചീകരണത്തൊഴിലാളികളെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള 22-ാം അജൻഡയിലായിരുന്നു തർക്കവും ബഹളവും. 85 പേരെ ഇപ്പോഴും 150 പേരെ വരാനിരിക്കുന്ന ഒഴിവുകളിലേക്കും നിയമിക്കുന്നതായിരുന്നു അജൻഡ. സിപിഎം ഓഫിസിൽ നിന്നുള്ള പട്ടിക പ്രകാരം രാഷ്ട്രീയ നിയമനമാണെന്നും സാമുദായിക സംവരണം പാലിച്ചില്ലെന്നും യുഡിഎഫിലെ കെ.മൊയ്തീൻ കോയ പറഞ്ഞു. അടുത്ത കൗൺസിലിൽ ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഭാവിയിലേക്ക് കൂടി നിയമനമെന്ന് കെ.സി.ശോഭിത ആരോപിച്ചു.
മാനദണ്ഡം പാർട്ടി ഓഫിസിലെ കത്താണോയെന്ന ചോദ്യം ബിജെപി യിലെ നവ്യഹരിദാസും ഉന്നയിച്ചു. സുതാര്യമല്ലാത്ത ഈ ലിസ്റ്റ് റദ്ദാക്കണമെന്ന് കോൺഗ്രസിലെ എസ്.കെ.അബൂബക്കർ, കെ.നിർമല, എം.സി.സുധാമണി എന്നിവർ ആവശ്യപ്പെട്ടു.എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടിക പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമനമെന്ന് എൽഡിഎഫിലെ എം.സി.അനിൽ കുമാർ പറഞ്ഞു. കക്ഷി നേതാക്കളുടെ ലിസ്റ്റ് അംഗീകരിക്കാത്തതിനാലാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അനിൽ കുമാർ ആരോപിച്ചു.
---------------
Hindusthan Samachar / Roshith K