Enter your Email Address to subscribe to our newsletters

New delhi, 6 നവംബര്‍ (H.S.)
ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. അന്വേഷണത്തില്‍ താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തേ ഇഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയില്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, മിമി ചക്രവര്‍ത്തി (മുന്‍ ടിഎംസി എംപി), അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്.
വണ്‍എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്തും റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടും കണ്ടുകെട്ടാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആപ്പിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് താരങ്ങള്‍ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളില്‍ ഏര്‍പ്പെട്ടുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S