Enter your Email Address to subscribe to our newsletters

Thiruvananthapuram , 7 നവംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി. മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നല്‍കാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറില്‍ പറയുന്നത്. സർവ്വേ നടത്തിയാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന നേതൃത്വം ക്രിസ്ത്യന്‍ സഭകളുമായി അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സര്‍വേ നടത്തിയത്. പിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായ ഷോണ്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലാണ് ഇതിനായി സര്‍വ്വേ നടത്തിയത്. ഗ്രാമ പഞ്ചായത്തുകളില്‍ കൃത്യമായ അനുപാതത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത് തദ്ദേശ സ്വയംവരണ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതിന്‍റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്, അതിന്‍റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത് നന്നായിരിക്കും എന്നാണ്.
കണ്ണൂരിലെ മലയോര മേഖലയിലെ 9 പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 47 വാര്‍ഡുകളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥികളാക്കണം എന്നാണ് ബിജെപിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളായി എല്ലാ മേഖലയിലും എല്ലാ മതവിഭാഗങ്ങളെയും സമുദായങ്ങളെയും ഉൾപ്പെടുത്തണം എന്നാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. മലപ്പുറത്ത് മുസ്ലീങ്ങൾക്ക് മുന്‍ഗണന നല്‍കണം എന്ന നിര്‍ദേശം നല്‍കിയെന്നും ഷോണ്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
---------------
Hindusthan Samachar / Roshith K