Enter your Email Address to subscribe to our newsletters

Thiruvananthapuram, 7 നവംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളയിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ആരംഭിച്ച് ദേവസ്വം ബോർഡ്. ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി തൃപ്തികരമല്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടയുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. എന്നാൽ ബോർഡ് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നുവെന്നാണ് മുൻ ഫിനാൻസ് കമ്മീഷണർ ആർ. ജി. രാധാകൃഷ്ണൻ നോട്ടീസിന് നൽകിയ മറുപടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുറ്റ്സിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൻ്റെ നടപടി. നിയമോപദേശം തേടിയ ശേഷമാണ് വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിലേക്ക് ദേവസ്വം ബോർഡ് കടന്നത്. ദ്വാരപാലക ശിൽപ്പവും കട്ടിളപ്പാളിയും നിയമവിരുദ്ധമായി സന്നിധാനത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.വിശദീകരണം തൃപ്തികരം അല്ലെങ്കിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടയുമെന്നും ബോർഡ് വ്യക്തമാക്കി.
എന്നാൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ബോർഡിന് അധികാരമില്ലെന്നാണ് ആർ.ജി. രാധാകൃഷ്ണൻ നോട്ടീസിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് ചട്ട ലംഘനമാണെന്നും മുൻ ഫിനാൻസ് കമ്മീഷണർ പറയുന്നു. ആർ.ജി. രാധാകൃഷ്ണനെ കൂടാതെ അഞ്ച് പേർക്ക് കൂടി ബോർഡ് നോട്ടീസയച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ എട്ട് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തിരുന്നത്. ഇതിൽ നിലവിൽ സർവീസിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ മുൻ പ്രസിഡന്റ് വാസു കൂടി പ്രതിയായതോടെ മുഖ്യമന്ത്രിയും സിപിഐഎമ്മും സ്വർണകൊള്ളയിൽ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ. വാസുവിനെയും എ. പത്മകുമാറിനെയും വൈകാതെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എ.സ് ബൈജുവിനെ ഉച്ചയ്ക്കുശേഷം റാന്നി കോടതിയിൽ ഹാജരാക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR