Enter your Email Address to subscribe to our newsletters

Thrissur, 7 നവംബര്‍ (H.S.)
തുമ്പിക്കൈ ഇല്ലാതെ ജനിച്ച ആനക്കുട്ടി അതിരപ്പിള്ളി വനമേഖലയിൽ കൗതുകമാകുന്നു. തുമ്പിക്കൈ ഇല്ലാത്തതിനാൽ ആനക്കുട്ടി അധിക കാലം ജീവിക്കില്ലെന്നാണ് കരുതിയത്. എന്നാൽ അമ്മയുടെ തണലിലും കരുതലിലും വളർന്ന് വലുതായ ആനക്കുട്ടി അത്ഭുതമായി ജീവിക്കുന്നു.
രോഗബാധിതരും വൈകല്യമുള്ള കുട്ടികളെയും കൂട്ടത്തിൽ നിന്ന് ഒഴിവാക്കാനായി കാടിന് പുറത്ത് ഉപേക്ഷിക്കുന്നതാണ് ആനകളുടെ പതിവ് രീതി. എന്നാൽ തുമ്പിക്കൈ ഇല്ലാതിരുന്നിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാൻ അമ്മ ആന തയ്യാറായിരുന്നില്ല. ആ അമ്മയുടെ കരുതലാണ് ആനക്കുട്ടിയെ ഇപ്പോഴും ജീവനോടെ നിലനിർത്തുന്നത്. ഭക്ഷണം പങ്കിട്ടു നൽകിയും ആവശ്യത്തിലേറെ പരിചരണം കൊടുത്തും ആ അമ്മ ആനക്കുട്ടിയെ വളർത്തുകയായിരുന്നു.
പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വളർന്ന ഈ കുട്ടിയാനക്ക് എട്ട് വയസോളം പ്രായമുണ്ട്. രണ്ട് വർഷം മുൻപ് ഏഴാറ്റുമുഖം മേഖലയിലാണ് കുട്ടിയാനയെ ആദ്യമായി പലരും കാണുന്നത്. തുമ്പിക്കൈ ഇല്ലാത്തതിനാൽ ജീവിച്ചിരിക്കില്ലെന്നാണ് പലരും കണക്ക് കൂട്ടിയത്. കുറേ കാലം കാണാതിരുന്നപ്പോൾ പലരും ആനക്കുട്ടി ജീവിച്ചിരിപ്പില്ലെന്ന് കരുതി. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ആനക്കുട്ടി വീണ്ടും ജനവാസ മേഖലയിൽ തിരിച്ചെത്തിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR