Enter your Email Address to subscribe to our newsletters

Thiruvananthapuram, 7 നവംബര്‍ (H.S.)
സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരുടെ അധ്യയന സമയം വർധിപ്പിക്കാൻ നീക്കം. ഒരു പിരീയഡിൻ്റെ ദൈർഘ്യം 45 മിനിറ്റിൽ നിന്ന് ഒരു മണിക്കൂറാക്കി കൂട്ടാനാണ് ആലോചന. ഈ നടപടിവിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കത്തിൽ ആശങ്ക അറിയിച്ച് അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ സംവിധാനം അനുസരിച്ച് 45 മിനിറ്റാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരുടെ അധ്യയന സമയം. ജൂനിയർ വിഭാഗം അധ്യാപകർക്ക് ആഴ്ചയിൽ 15 പിരീഡും സീനിയർ വിഭാഗത്തിന് ആഴ്ചയിൽ 25 പിരീഡും വരെയും ക്ലാസുകളുണ്ടാകും. പീരീഡിൻ്റെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് തസ്തികയടക്കം നിർണയിക്കുന്നത്. പുതിയ നിർദേശം നടപ്പിലാകുമ്പോൾ വ്യാപകമായി തസ്തിക വെട്ടിച്ചുരുക്കുമെന്നും അധ്യാപക പുനർ വിന്യാസം ഉണ്ടാകുമെന്നും സംഘടനകൾ ആരോപിക്കുന്നു.
ഹയർസെക്കൻഡറി സ്കൂളുകളിൽ ഇടവേളകൾ ഒഴിവാക്കിയാൽ ഒരു ദിവസത്തിൽ ലഭ്യമായ അധ്യാപന സമയം ആറ് മണിക്കൂറാണ്. ഈ സമയപരിധിയിൽ പരമാവധി എട്ട് പിരീഡ് അധ്യാപനം നടത്താം. എന്നാൽ പുതിയ സമയക്രമം അനുസരിച്ച് ആറ് പിരീഡുകൾ മാത്രമായിരിക്കും ക്ലാസെടുക്കാൻ സാധിക്കുക.
പുതിയ തീരുമാന പ്രകാരം ഇത് വേതന ഘടന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അധ്യാപക വിദ്യാർഥി അനുപാതം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ആക്ഷേപമുണ്ട്. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി കഴിഞ്ഞമാസം 24 നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR