Enter your Email Address to subscribe to our newsletters

Thiruvananthapuram, 7 നവംബര്‍ (H.S.)
തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ റെയില്‍വെ ആവശ്യമായ അടിയന്തര നടപടികളെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമായ റെയില്‍വെയില്‍ നിര്‍ഭയമായി യാത്ര ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല.
സാമൂഹിക വിരുദ്ധന്മാരുടെ താവളങ്ങള്‍ ആയി റെയില്‍വെ സ്റ്റേഷനുകളും ട്രെയിനുകളും മാറുന്നു എന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട റെയില്‍വെ അധികാരികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമായ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ട്രെയിനിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ട്.
കംപാര്‍ട്ട്‌മെന്റുകളിലെ ശുചിമുറികളും വാതിലുകളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ആ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരെ ആക്രമിച്ച് കടന്നു കളയാന്‍ അക്രമികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും കഴിയുന്നു. എല്ലാ കംപാര്‍ട്ടുമെന്റുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് റെക്കോര്‍ഡിംഗ് ഉറപ്പ് വരുത്തണം. സി.സി.ടി.വി നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഉണ്ടാക്കണം. ആവശ്യമായ റെയില്‍വെ പോലീസിനെ വിന്യസിക്കുന്നതിലും റെയില്‍വെ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.
അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ തന്നെ നിഷ്‌ക്രിയരാവുമ്പോള്‍ പൊതുജനമാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്.
വനിതാ കംപാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം സുരക്ഷിതമാക്കണമെന്ന് കോടതികള്‍ വരെ നിര്‍ദ്ദേശിച്ചിട്ടും ഇപ്പോഴും പല ട്രെയിനുകളിലും അത് നടപ്പായിട്ടില്ല.
വാതിലുകളുടെ സ്ഥാനം യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ പുനക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കണം.യാത്രാ ട്രെയിനുകളില്‍ ആര്‍.പി.എഫ്, ജി.ആര്‍.എഫ് പട്രോളിംഗ് ഉറപ്പാക്കണം. പാനിക് അലര്‍ട്ട്/എസ്.ഒ.എസ് ബട്ടണ്‍ എല്ലാ കംപാര്‍ട്ടുമെന്റിലും പ്രവര്‍ത്തനക്ഷമമാകണം. കംപാര്‍ട്ടുമെന്റിലെ വാതിലുകള്‍ ആധുനിക സുരക്ഷാ സംവിധാനത്തോടെ ഉള്ളതാകണം. എല്ലാ ട്രെയിനുകളിലും ലൈവ് ട്രാക്കിംഗ് സംവിധാനം ഉറപ്പാക്കണം.
റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമുകളിലും രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും നടപടി സ്വീകരിക്കണം.
യാത്രക്കാരിലെ മദ്യപാനികളെയും സാമൂഹ്യവിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം തൊഴിലാളികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും കൃത്യമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ തയ്യാറാവണം. ട്രെയിനുകളിലെ ചില അനധികൃത വില്‍പ്പനക്കാരും ഇത്തരം ക്രിമിനലുകള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ആക്രമണത്തിന് വിധേയയായ യുവതി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. ആ കുടുംബത്തിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുകയും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ റെയില്‍വേ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.മധു, ആര്‍ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു. സിന്ധു, എസ്. അജയകുമാര്‍, എന്‍.സോയാമോള്‍, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട് ആര്‍. കലാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സ്വാഗതവും ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ബീന എസ് നായര്‍ നന്ദിയും പറഞ്ഞു.
കൊല്ലം റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് വി.ബാലകൃഷ്ണനും, തിരുവല്ല റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ആര്‍.മനോജ്കുമാറും, ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ധന്യാ പൊന്നപ്പനും, കോട്ടയം റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ജെ.ഹരിദാസും, എറണാകുളം റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സി.എ.അനീഷും, തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് എ.എം.നൗഷാദും, പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് എം.സി.ഗംഗാധരനും, തിരൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സുജിത്തും, കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കെ.അജിനയും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സിജു പി തോമസും കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ജി.സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR