Enter your Email Address to subscribe to our newsletters

Wayanadu, 7 നവംബര്‍ (H.S.)
മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിനാൽ പിതാവിന് ജോലിക്ക് വിലക്ക് ഏർപെടുത്തി ഐഎൻടിയുസി. മുള്ളൻക്കൊല്ലി പഞ്ചായത്തിലാണ് സംഭവം. എസ്എഫ്ഐ നേതാവ് കൂടിയായ സി. ആർ വിഷ്ണുവിന്റെ അച്ഛനെയാണ് ജോലിയിൽ വിലക്കിയത്. വിഷ്ണു തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയാൽ ജോലിക്ക് വരാമെന്നാണ് ഐഎൻടിയുസിയുടെ നിലപാട്.
ഐഎൻടിയുസിയിലെ ചുമട്ട് തൊഴിലാളിയാണ് വിഷ്ണുവിൻ്റെ അച്ഛൻ രാജൻ. മുള്ളൻക്കൊല്ലിയിലെ 18ാം വാർഡിലാണ് വിഷ്ണു മത്സരിക്കുന്നത്. വിഷ്ണുവിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിന് മുൻപാണ് ഐഎൻടിയുസിയുടെ നടപടി.
ഇന്ന് രാവിലെ ജോലിക്ക് പോകും മുൻപ്, ഇനി പണിക്ക് വരേണ്ടെന്ന് ഐഎൻടിയുസി നേതാവ് തന്നെ ഫോണിൽ വിളിച്ച് പറയുകായിരുന്നു എന്ന് രാജൻ പറയുന്നു. മകൻ മത്സരിച്ചാൽ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേരത്തെ തന്നെ ഐഎൻടിയുസി നേതാവ് മണി പറഞ്ഞിരുന്നു. മകൻ പിൻമാറിയാൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്നാണ് ഐഎൻടിയുസിയുടെ നിലപാടെന്നും രാജൻ പറഞ്ഞു.
തുടർച്ചയായി മുസ്ലീം ലീഗ് വിജയിച്ച് പോരുന്ന വാർഡാണ് ഇതെന്ന് മകൻ വിഷ്ണു ചൂണ്ടിക്കാട്ടി. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും, ഭവന സന്ദർശനം തുടങ്ങിയിരുന്നു. താൻ ജയിച്ചേക്കുമെന്ന പേടിയാണ് ഇത്തരമൊരു നടപടിക്ക് കാരണം. തെരഞ്ഞെടുപ്പിൽ നിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്നും, അച്ഛൻ രാജനെ സിപിഐഎം കൂടെ നിർത്തുമെന്നും വിഷ്ണു പറഞ്ഞു. നിലവിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയാണ് വിഷ്ണു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR