Enter your Email Address to subscribe to our newsletters

Palakkadu, 7 നവംബര്‍ (H.S.)
ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കേസെടുത്ത് പാലക്കാട് ടൗൺ സൗത്ത് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേല്‍ക്കുന്നത്. ജില്ലാ ആശുപത്രിയിലെത്തിയ കുട്ടിയുടെ കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുമുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.
അതേസമയം വിഷയത്തിൽ സർക്കാർ സഹായം തേടി കുടുംബം രംഗത്തെത്തിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. കുട്ടി കഴിഞ്ഞ 32 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെലവിന് പണം കടം വാങ്ങേണ്ട അവസ്ഥയാണെന്നും പ്രസീത പറഞ്ഞു.
കുട്ടി ആശുപത്രിയിലായതിന് പിന്നാലെ ഒരു മാസത്തോളമായി മാതാപിതാക്കൾ കൂലിപ്പണിക്ക് പോയിട്ടില്ല. ഒരു മാസമായി നാലും ആറും വയസുള്ള കുട്ടികളും സ്കൂളിൽ പോകുന്നില്ല. ചെലവിനായി കടം വാങ്ങേണ്ട അവസ്ഥയിലാണ്. സഹായത്തിനായി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കളക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR