Enter your Email Address to subscribe to our newsletters

Kochi, 7 നവംബര്‍ (H.S.)
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കം. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ ആറ് മുതല്‍ എട്ടു വരെയാണ് മെഗാ കേബിള്‍ ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.
കേബിള്‍ ടിവി ഓപ്പറേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി. ജിയോ സ്റ്റാര്‍ ഹെഡ് ടിവി ഡിസ്ട്രിബ്യൂഷന്‍ പിയുഷ് ഗോയല്‍, കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്, കൗണ്‍സിലര്‍ സി ആര്‍ സുധീര്‍ , കേബിള്‍ ടിവി ഓപ്പറേറ്റീവ് അസോസിയേഷന്‍ ട്രഷറര്‍ ബിനു ശിവദാസ്, കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍ ഇ ഹരികുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മെഗാ കേബിള്‍ ഫെസ്റ്റില്‍ ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്‍ഡ് മേഖലകളിലെ പുതിയ ടെക്‌നോളജിയും ഉത്പന്നങ്ങളുമായി നൂറോളം ബ്രാന്‍ഡുകളാണ് ഫെസ്റ്റില്‍ അണിനിരക്കുന്നത്. മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിമൂന്നാമത് എഡിഷനാണ് കൊച്ചിയില്‍ നടക്കുന്നത്. ഒടിടി, സ്മാര്‍ട്ട് ഹോം, എന്റര്‍ടൈമെന്റ് സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ ഇന്നോവേറ്റീവ് സ്മാര്‍ട്ട് സൊല്യൂഷന്‍ ഉത്പന്നങ്ങളുടെ പ്രത്യേക പവലിയനും ഇത്തവണ മെഗാ കേബിള്‍ ഫെസ്റ്റില്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാര്‍ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കെഎന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ന് നടക്കുന്ന ബ്രോഡ്കാസ്റ്റ് ലീഡേഴ്‌സ് ടോക്കില്‍ ട്വന്റി ഫോര്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യാതിഥിയാവും. ന്യൂസ് മലയാളം 24X7 ചെയര്‍മാന്‍ സകിലന്‍ പത്മനാഭന്‍, ടൈംസ് നെറ്റ്വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ ജി ശങ്കരനാരായണ, കെസിസിഎല്‍ മാനേജിങ് ഡയറക്ടര്‍ പി പി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
എട്ടിന് പ്രാദേശിക ചാനല്‍ നവീകരണം എന്ന വിഷയത്തില്‍ ശില്പശാല നടക്കുമെന്ന് സംഘാടകരായ കേരള ഇന്‍ഫോം മീഡിയ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരള ഇന്‍ഫോം മീഡിയ ഭാരവാഹികളായ അബൂബക്കര്‍ സിദ്ദീഖ്, കെ വിജയകൃഷ്ണന്‍, എന്‍ ഇ ഹരികുമാര്‍, രജനീഷ് പി എസ് എന്നിവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR