Enter your Email Address to subscribe to our newsletters

Palakkad, 7 നവംബര്‍ (H.S.)
നെല്ല് സംഭരണ പ്രതിസന്ധിയിൽ ജില്ലയിലെ കർഷകർക്ക് താത്കാലിക ആശ്വാസമായി. നെല്ല് സംഭരണത്തിന് നാല് മില്ലുകളുമായി സർക്കാർ ധാരണയിലെത്തി. മുപ്പത്ത് രൂപ താങ്ങുവില നിരക്കിൽ തിങ്കളാഴ്ച മുതൽ കർഷകർക്ക് പണം വിതരണം ചെയ്യും. നെല്ല് സംഭരണത്തിൽ ബദൽ സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നാളെ നിർണായക യോഗം ചേരും.
പ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കർഷകർ ഇന്നും പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കാൻ മന്ത്രിമാരായ പി. പ്രസാദും, ജി.ആർ. അനിലും ഇന്ന് പാടശേഖരങ്ങൾ സന്ദർശിക്കും. നെല്ലിന്റെ തൂക്കമെടുത്ത് പാടി രസീതുകൾ വിതരണം ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. രണ്ടുമാസമായി നീളുന്ന ചർച്ചകളും തീരുമാനത്തിലെത്തിയില്ല. പ്രതിസന്ധി തുടരുന്നതിനിടെ നാല് മില്ലുകളുമായി സർക്കാർ ധാരണയിലെത്തിയതോടെയാണ് കർഷകർക്ക് ആശ്വാസമായത്.
30 രൂപ താങ്ങുവിലയിലാണ് സർക്കാർ നെല്ല് സംഭരിക്കുന്നത്. കർഷകർക്കുള്ള പണം തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. അതേസമയം പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജില്ലയിൽ ഇന്നും കർഷകർ പ്രതിഷേധിച്ചു. കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. പിന്മാറാൻ തയ്യാറാകാതെ പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ബദൽ മാർഗ്ഗങ്ങൾ ആലോചിക്കുകയാണ്. സഹകരണ സംഘങ്ങളുടെ സഹായത്തോടെ പാലക്കാട് ജില്ലയിൽ നെല്ല് സംഭരിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. നാളെ മന്ത്രിമാരായ വി.എൻ. വാസവൻ കെ. കൃഷ്ണൻകുട്ടി എം.ബി. രാജേഷ് എന്നവരുടെ നേതൃത്വത്തിൽ പാലക്കാട് ഉന്നതതല യോഗം ചേരും. മില്ലുകളുടെ വാശിക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് നേരത്തെ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന യോഗം വിഷയത്തിൽ നിർണായക തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തൽ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR