Enter your Email Address to subscribe to our newsletters

Palakkad, 7 നവംബര്‍ (H.S.)
കണ്ണാടി സ്കൂളിലെ വിദ്യാർഥി അർജുൻ ജീവനൊടുക്കിയതിന് പിന്നാലെ സസ്പെൻഷനിലായിരുന്ന പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്തതിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം.
നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ അധ്യാപികയുടെ സസ്പെൻഷൻ തുടരണമെന്നാണ് കുടുംബം പരാതിയിൽ ആവശ്യപ്പെടുന്നത്. അധ്യാപികയ്ക്ക് അനുകൂലമായി മൊഴി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചതായി ആരോപണമുണ്ടെന്നും ഇക്കാര്യമുൾപ്പടെ പരിശോധിക്കണമെന്നും പരാതിയിൽ അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഡിഇഒയുടെ നടപടി പ്രകാരം പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്തത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അധ്യാപികയെ തിരിച്ചെടുത്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് അർജുൻ്റെ മാതാപിതാക്കൾ പറയുന്നു. ഇവർ കുട്ടികളെ സ്വാധീനിച്ച് മൊഴി മാറ്റുമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രധാനധ്യാപികയെ മാറ്റി നിർത്തണമെന്നും പറഞ്ഞ് കൊണ്ട് ഡിഡിഇക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ഒക്‌ടോബർ 15നാണ് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപിക അർജുനെ മാനസികമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കുടുംബം ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR