Enter your Email Address to subscribe to our newsletters

Ernakulam, 7 നവംബര്‍ (H.S.)
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കൽ താമസിച്ചിരുന്ന വീട്ടിൽ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്ന് മോന്‍സൻ്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്ത് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിലവില്‍ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിലാണ് മോൻസൻ താമസിച്ചിരുന്ന കലൂരിലെ വീട്. വീട്ടിലെ പുരാവസ്തുക്കൾ എന്ന് അവകാശപ്പെടുന്ന സാധനങ്ങള്‍ എടുക്കാന്‍ മോന്‍സണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ച് വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണ് മോന്‍സണുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണ് വീടിൻ്റെ ഒരു ഭാഗം പൊളിഞ്ഞതായി കാണുന്നത്. കൂടുതൽ പരിശോധിച്ചപ്പോഴാണ് പുരാവസ്തുക്കൾ നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
വീട്ടിൽ ഉണ്ടായിരുന്ന പലതും മോഷണം പോയെന്ന് മോന്‍സൻ പരാതി പറഞ്ഞതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മീഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീടിൻ്റെ മുൻവശത്തെ സിസിടിവി പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. കലൂരിലെ ഈ വാടകവീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നല്‍കിയാണ് വീടെടുത്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോന്‍സൺ മാവുങ്കല്‍ അറസ്റ്റിലായത്. 2017 മുതല്‍ 2020 വരെ 10 കോടി രൂപ മോന്‍സന്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR