Enter your Email Address to subscribe to our newsletters

THIRUVANANTHAPURAM , 7 നവംബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയത്.
ഇന്നലെയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചത്. ഹൃദ്രോഗ ബാധിതനായി എത്തിച്ച വേണുവിന് ആറുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം പോലും ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് കോളേജ് സൂപ്രണ്ടിന്റെ വാദം
ഒന്നാം തീയതിയാണ് രോഗി ചികിത്സ തേടിയെത്തിയത്. നേരത്തെ സ്ട്രോക്ക് വന്ന ഹിസ്റ്ററിയുള്ള രോഗിയാണ്. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിനിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ടാം വാർഡിൽ കാർഡിയോളജി വിഭാഗതിൽ തന്നെയാണ് രോഗിയെ അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായി. പരമാവധി ചികിത്സ നൽകിയിരുന്നെന്നും ചികിത്സ പിഴവോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് പയുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതിൽ ആശുപത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പ്. പ്രോട്ടോക്കോൾ പ്രകാരം എല്ലാ ചികിത്സയും നൽകിയെന്നാണ് കാർഡിയോളജി മേധാവിയുടെ വാദം. ഹൃദയാഘാതം ഉണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഡോ.മാത്യു ഐപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗി മരിച്ചത് ഖേദകരമായ സംഭവമാണെന്ന് ഡോ.മാത്യു ഐപ്പ് പറയുന്നു. നെഞ്ച് വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് രോഗി മെഡിക്കൽ കോളജിലെത്തിയത്. അതുകൊണ്ട് സാധാരണയായി നൽകി വരുന്ന ചികിത്സകൾ ഇദ്ദേഹത്തിന് നൽകാൻ പറ്റിയില്ല. ബാക്കി മരുന്നുകൾ കൊടുക്കാൻ തീരുമാനിച്ചു. മരുന്ന് നൽകി അഡ്മിറ്റ് ചെയ്തെന്നും കാർഡിയോളജി മേധാവി വ്യക്തമാക്കി.
രോഗം മാറി വരുമ്പോഴായിരുന്നു ഇദ്ദേഹത്തിന് ഹേർട്ട് ഫെയിലറുണ്ടായത്. ഹേർട്ട് അറ്റാക്ക് വന്നാൽ എന്ത് ചികിത്സ നൽകിയാലും മരണസാധ്യത കൂടുതലാണ്. ഇവിടെ നൽകാവുന്ന മികച്ച ചികിത്സ ഉറപ്പാക്കി. പ്രോട്ടോക്കോൾ നോക്കി മാത്രമാണ് ചികിത്സിക്കാറ്. പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയെന്നാണ് വിശ്വാസം. അന്വേഷിച്ചപ്പോൾ, വേണ്ട ചികിത്സയെല്ലാം കൊടുത്തിരുന്നെന്നാണ് വിവരം ലഭിച്ചത്, മാത്യു ഐപ്പ് പറഞ്ഞു.
രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നോ എന്നും, കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ബെഡ് പോലും ഇല്ലാതെ കിടന്ന വിഷയത്തിൽ ഒരു രോഗിയെ തറയിൽ കിടത്തി, മറ്റൊരാൾക്ക് ബെഡ് നൽകാൻ സാധിക്കില്ലെന്നായിരുന്നു ഡോ. മാത്യ ഐപ്പ് നൽകിയ വിശദീകരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എല്ലാവരും അത്യാസന്ന നിലയിലാണ് എത്തുന്നത്. ഒരു ബെഡ് ഒഴിയുമ്പോൾ തന്നെ മറ്റ് രോഗികൾക്ക് കൊടുക്കാറുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ മാറ്റി കിടത്താൻ സാധിക്കില്ല, ഡോക്ടർ പറയുന്നു.
---------------
Hindusthan Samachar / Roshith K