Enter your Email Address to subscribe to our newsletters

Thrissur, 7 നവംബര്‍ (H.S.)
ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണി തുടർന്ന് വ്യാപാരിയായ മുസ്തഫ ജീവനൊടുക്കിയതിൽ മുഖ്യപ്രതി പിടിയിൽ. നെന്മിനി സ്വദേശി പിടിയിൽ പ്രഹ്ലേഷിനെയാണ് മുംബൈയിൽ നിന്ന് പിടികൂടിയത്.
കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഒക്‌ടോബർ 10ന് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്ലേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ പരാമർശിച്ചിരുന്നു.
20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരിൽ നിന്ന് വാങ്ങിയത്. ഇതിന് 58 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും കൊള്ള പലിശക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നു. പലിശക്കാരിൽ നിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായും പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മുസ്തഫയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മുസ്തഫയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോകുമായിരുന്നു. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദിച്ചുവെന്നും മുസ്തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR