Enter your Email Address to subscribe to our newsletters

Kannur, 7 നവംബര്‍ (H.S.)
കണ്ണൂർ ∙ മാനേജ്മെന്റ് ക്വാട്ടയിൽ വന്ന ആളാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെന്നും അദ്ദേഹത്തോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മേയർ മുസ്‌ലിഹ് മഠത്തിൽ. മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് കരാറുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.െക. രാഗേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് മേയർ ഇക്കാര്യം പറഞ്ഞത്.
യാതൊരു വിവരവുമില്ലാത്ത ആളാണ് സിപിഎം ജില്ലാ സെക്രട്ടറി. പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട് അമൃത് മിഷനിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അക്കാര്യം സിപിഎം ജില്ലാ സെക്രട്ടറിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്നതിൽ സഹതാപമുണ്ട്. ഉന്നതരായ ആളുകളെ തഴഞ്ഞുകൊണ്ടാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിപ്പറിച്ചത്. 140 കോടി രൂപയുടെ പദ്ധതിയിൽ 100 കോടി അഴിമതി എന്നു പറഞ്ഞാൽ പിന്നെ എന്താണ് ആ പദ്ധതി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം ആളുകൾക്ക് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണമായിരുന്നു മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു .
കരാറുകാരൻ അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ വെളിപ്പെടുത്തണമായിരുന്നു. ഒരുപക്ഷേ കരാറുകാർ ചെന്നിട്ടുണ്ടാകും. എന്നാൽ അവരുമായി പറഞ്ഞ തുക കിട്ടാത്തതിന്റെ നിരാശ കൊണ്ടായിരിക്കാം ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയത് . അണികളെ ഭീഷണിപ്പെടുത്തിയാണ് പ്രതിഷേധം നടത്തുന്നത്. കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം പക്ഷേ പാർട്ടി നിർദേശം പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നാണ് സിപിഎം കൗൺസിലർമാർ പറഞ്ഞത്. കോർപറേഷൻ ഭരണം കൈക്കലാക്കാൻ നടത്തുന്ന നുണപ്രചാരണം മാത്രമാണിത്. മേയർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K