Enter your Email Address to subscribe to our newsletters

Palakkad, 8 നവംബര്‍ (H.S.)
സണ്‍ഷേഡില്‍ കളിക്കുന്നതിനിടെ പണിതീരാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.
പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കരുവാര ഉന്നതിയില്‍ സഹോദരങ്ങളായ 7വയസ്സുകാരൻ ആദി, 4 വയസ്സുകാരനായ അജ്നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മൃതദേഹം കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി. 8 വർഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം. വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം.
കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് - ദേവി ദമ്ബതികളുടെ മക്കളാണ് മരിച്ച ആദിയും അജ്നേഷും. മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റർ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വൈകി. സ്കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാൻ വൈകി.
മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോർജ് എല്‍പി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016 ല്‍ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാർപ്പ് സ്ലാബ് തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR