Enter your Email Address to subscribe to our newsletters

Kottayam, 8 നവംബര്‍ (H.S.)
കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയകളുടെ പേരില്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതി ശിവദാസ് മൂന്ന് വര്‍ഷമായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. 30 വര്‍ഷം മുമ്ബ് ഊരാളികളില്‍ നിന്നുമാണ് ആഭിചാരക്രിയകള്‍ പഠിച്ചതെന്ന് ശിവദാസ് മൊഴി നല്‍കി. മൂന്നുവര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുവരുന്നതായും പ്രതി മൊഴി നല്‍കി. യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസിന്റ മാതാവ് സൗമിനി സ്ഥിരമായി ഇയാളുടെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത ദെെവവിശ്വാസിയായിരുന്നു. ആഭിചാര ക്രിയകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് വിവരം.
സമീപകാലത്ത് യുവതിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. ഇവരുടെ മൃതദേഹം യുവതിയുടെ ദേഹത്ത് കയറിയെന്നാരോപിച്ചാണ് സൗമിനി പ്രതി ശിവദാസിനെ നിരന്തരം സന്ദര്‍ശിച്ചത്. ആഭിചാരക്രിയകള്‍ അഖില്‍ദാസിന്റെ സഹോദരി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. യുവതിയേറ്റ മര്‍ദ്ദനത്തിന്റെ ക്രൂരത വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമിനിയും അഖിലിന്റെ സഹോദരിയും ഒളിവിലാണ്. സൗമിനിക്കും സഹോദരിക്കുമായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അഖില്‍ദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹം നടന്നിട്ട് ഒന്നരയാഴ്ച മാത്രമേയായിട്ടുള്ളു. ഇതിനിടയിലാണ് യുവതിയെ ആഭിചാരക്രിയകള്‍ക്ക് വേണ്ടി നിര്‍ബന്ധിച്ചത്. യുവതിയെ മദ്യം നല്‍കി ബലം പ്രയോഗിച്ച് കട്ടിലില്‍ കിടത്തി. ബീഡി വലിക്കാന്‍ നല്‍കി. ഈ ബീഡികൊണ്ട് തലയില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഭസ്മം തീറ്റിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ പട്ടുകള്‍ ഉപയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിച്ചു. വീണ്ടും ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.
ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ യുവതിയെ ഒരു തവണ അടിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ അഖില്‍ ദാസടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR