Enter your Email Address to subscribe to our newsletters

Thiruvananthapuram , 8 നവംബര്‍ (H.S.)
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ പ്രതിരോധത്തിൽ നിൽക്കെയാണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ശബരിമല സ്പെഷ്യൽ ഓഫീസറായി കെ ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
ഭക്തർക്ക് പൂർണ തൃപ്തി കിട്ടുന്ന നിലയിലേക്ക് ശബരിമല മാറണമെന്ന് ജയകുമാർ വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വെളിപ്പെടുത്തിയത്. ഭക്തരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടമാകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകും. സുഗമമമായ മണ്ഡലകാല തീർഥാടനത്തിനാണ് മുൻഗണനയെന്നും ജയകുമാർ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചുമതല ഒഴിയുന്ന പി എസ് പ്രശാന്ത് ജയകുമാറിന് ആശംസകൾ നേർന്ന് രംഗത്തെത്തി.
ജയകുമാറിന് ആശംസകൾ നേർന്ന് പി എസ് പ്രശാന്ത്
ജയകുമാറിന്റെ നിയമനത്തിൽ സന്തോഷമെന്ന് പി എസ് പ്രശാന്ത്. ശബരിമലയിൽ അദ്ദേഹത്തിന് വലിയ അനുഭവ പാരമ്പര്യവും പരിജ്ഞാനവുമുണ്ട്. തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ആ അനുഭവ പാരമ്പര്യം മുതൽക്കൂട്ടാകും. നിലവിലെ ഭരണസമിതി മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു.
---------------
Hindusthan Samachar / Roshith K