ദേവസ്വം ബോർഡ് പ്രസിഡിന്റിനോടൊപ്പം  ക്ഷേത്ര വ്യവസ്ഥിതിയും മാറണം : കുമ്മനം രാജശേഖരൻ
Thiruvananthapuram, 8 നവംബര്‍ (H.S.) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ജയകുമാറിനെ നിയോഗിക്കാനുള്ള സർക്കാരിന്റെ തീരുമാനം ക്ഷേത്രങ്ങളെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന ഭക്തജനങ്ങളുടെ നീണ്ട നാളായുള്ള ആവശ്യത്തിനുലഭിച്ച അംഗീകാരമാണെന്ന്
Kummanam Rajasekharan


Thiruvananthapuram, 8 നവംബര്‍ (H.S.)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ജയകുമാറിനെ നിയോഗിക്കാനുള്ള സർക്കാരിന്റെ തീരുമാനം ക്ഷേത്രങ്ങളെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന ഭക്തജനങ്ങളുടെ നീണ്ട നാളായുള്ള ആവശ്യത്തിനുലഭിച്ച അംഗീകാരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശ്രീ കുമ്മനം രാജശേഖരൻ.

പ്രസിഡന്റിന്റെ പുതിയ നിയമനം കൊണ്ടുമാത്രം ക്ഷേത്രങ്ങളിലെ പ്രശ്നം പരിഹരിക്കാനാകില്ല . സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും ശബരിമല, തുടങ്ങിയ ക്ഷേത്രങ്ങളെ വിമുക്തമാക്കുകയാണ് ശാശ്വത പരിഹാരം.

കോടികളുടെ വൻ അഴിമതിയും കൊള്ളയും തട്ടിപ്പും വെട്ടിപ്പും നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അധികാരികളുടെ അനാസ്ഥമൂലം അന്യാധീനപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കണം. ഭരണകക്ഷികളുടെ ഉപഗ്രഹമായി മാറിയ ദേവസ്വം ബോർഡിനെ സ്വതന്ത്ര പരമാധികാര ഹിന്ദു ധർമ്മ സ്ഥാപനമാക്കി മാറ്റണം.

ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യത്തിനും, രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടിയുള്ള വേദികളായി ക്ഷേത്രങ്ങളെയും ക്ഷേത്ര ഭരണത്തെയും ദുരുപയോഗം ചെയ്തതിന്റെ തിക്ത ഫലങ്ങളാണ് ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങൾ അനുഭവിച്ചു വരുന്നത്.

ക്ഷേത്രത്തിലോ ഈശ്വരനിലോ വിശ്വാസമില്ലാത്തവരെ ദേവസ്വം ബോർഡിൽ കുത്തിക്കയറ്റി രാഷ്ട്രീയ നേട്ടത്തിനും പ്രചരണത്തിനുമുള്ള സങ്കേതങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റി. തന്മൂലം ക്ഷേത്രസ്വത്ത് ദേവന്റേതാണെന്ന സാമാന്യതത്ത്വം മറന്നു. അതിനെ വെറും ഭൗതിക വസ്തുവായി കണ്ട് വാണിജ്യ താൽപര്യത്തോടും, ലാഭക്കൊതിയോടും കൂടി കൈകാര്യം ചെയ്തു. ഭഗവാന്റെ മുന്നിൽ തൊഴാനോ വിശ്വാസപൂർവ്വം പൂജാവസ്തുക്കൾ കൈപ്പറ്റുവാനോ പോലുമുള്ള സാമാന്യമര്യാദ ഈ ദേവസ്വം അധികാരികൾ കാണിക്കുന്നില്ല. ശബരിമല ഭഗവത് വിഗ്രഹത്തിലും, ദ്വാരപാലകനിലും അവർ കണ്ടത് സ്വർണ്ണമാണ്. അതിന്റെ തൂക്കവും, വിലയും മാത്രം കണ്ടു, പക്ഷേ ഭക്തജനങ്ങൾ സ്വർണ്ണത്തിൽ കണ്ടത് ഭഗവാനെയാണ്. അതുകൊണ്ട് സ്വർണ്ണക്കൊള്ള ഭക്തമനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. നിലവിലുള്ള ദേവസ്വം നിയമമാണ് ഈ ദു:സ്ഥിതിക്ക് കാരണം.

ഭക്തജനങ്ങളുടെയും ക്ഷേത്രങ്ങളുടെയും താല്പര്യങ്ങൾ പരിരക്ഷിക്കുന്നതിന് ഹിന്ദുമത ധർമ്മസ്ഥാപന നിയമത്തിൽ ഭേദഗതികൾ വരുത്തുകയും, ഭരണം ഭക്തജന പ്രാധിനിത്യമുള്ള ബോർഡിന് നൽകുകയും വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News