Enter your Email Address to subscribe to our newsletters

Kerala, 8 നവംബര്‍ (H.S.)
മലങ്കരസഭാ ആസ്ഥാനത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29ാം ഓർമ്മപ്പെരുന്നാളിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകുന്നു.
കോട്ടയം : സമൂഹത്തിന്റെയും, രാജ്യത്തിന്റെയും വളർച്ചയ്ക്ക് സഭയുടെ പിന്തുണയുണ്ടാകണമെന്ന് പഠിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മാത്യൂസ് പ്രഥമൻ ബാവായുടെ 29ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ജാതി-മത വേർതിരിവുകളില്ലാതെ എല്ലാവരെയും കരുതണമെന്ന് അദ്ദേഹം പഠിപ്പിച്ചു.സഭയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും, മലങ്കരസഭയുടെ വളർച്ചയ്ക്ക് അമൂല്യസംഭാവനകൾ നൽകുകയും ചെയ്തു. പിതാക്കൻമാർ പകർന്ന് നൽകിയ സഭയുടെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. എന്നാൽ ഇന്ന് ഭരണാധികാരികൾ ചാഞ്ഞും ചരിഞ്ഞും പക്ഷപാതപരമായും പ്രവർത്തിക്കുകയാണ്. സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കുവാൻ ഭരണാധികാരികൾ ആർജ്ജവം കാട്ടണം. നീതിബോധമുള്ള ഭരണസംവിധാനം വരുമ്പോൾ അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
രാവിലെ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഫാ നഥാനിയേൽ റമ്പാൻ, റവ.ഫാ.മാത്തായി റമ്പാൻ എന്നിവർ സഹകാർമ്മികരായി. കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാളിന് സമാപനമായി. സഭയുടെ കോർഎപ്പിസ്ക്കോപ്പാമാർ, റമ്പാച്ചൻമാർ, വൈദികർ, കന്യാസ്ത്രീകൾ, വൈദിക വിദ്യാർത്ഥികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ദേവാലയങ്ങളിൽ നിന്ന് തീർത്ഥാടകരായെത്തിയ വിശ്വാസികൾ എന്നിവർ പെരുന്നാളിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR