തലമുറകളുടെ സംഗമ വേദിയായി തൈക്കാട് മോഡല്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
Thiruvananthapuram, 8 നവംബര്‍ (H.S.) തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ''തലമുറകളുടെ സംഗമവേദി''യായി മാറി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളും, ഏറ്റവും പ്ര
thycaud-model-boys-hss-alumni-meet


Thiruvananthapuram, 8 നവംബര്‍ (H.S.)

തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 'തലമുറകളുടെ സംഗമവേദി'യായി മാറി.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളും, ഏറ്റവും പ്രായം കൂടിയ പൂർവ്വ അദ്ധ്യാപകരും ഒന്നിച്ച്‌ ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ ചടങ്ങുകള്‍ക്ക് ഔപചാരിക തുടക്കമായി. ചടങ്ങിന് മുന്നോടിയായി നടന്ന സ്കൂള്‍ അസംബ്ലി, വിയോഗാനന്തരം വന്ന പുതുതലമുറയ്ക്ക് പോലും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയായി. സകുടുംബം സംഗമത്തിനെത്തിയ പൂർവ്വ വിദ്യാർത്ഥികള്‍, തങ്ങള്‍ പഠിച്ചിറങ്ങിയ ക്ലാസ് മുറികളും, സ്കൂള്‍ മുറ്റത്തെ തലയുയർത്തി നില്‍ക്കുന്ന മഹാഗണി മരവും അടക്കമുള്ള പ്രിയപ്പെട്ട ഇടങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഏറെ സന്തോഷത്തോടെ പരിചയപ്പെടുത്തി. പലരും തങ്ങളുടെ ക്ലാസ് മുറികളില്‍ സന്തോഷത്താല്‍ വിങ്ങി കരഞ്ഞത് സംഗമത്തിന് വികാരനിർഭരമായ അവസരങ്ങള്‍ സമ്മാനിച്ചു.

ഈ വർഷത്തെ സംഗമത്തില്‍ ആർക്കിടെക്‌ട് എൻ. മഹേഷിനെ ആദരിച്ചത് ശ്രദ്ധേയമായി. മോഡല്‍ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, എഞ്ചിനീയറിംഗ് മേഖലയില്‍ (ആർക്കിടെക്ചർ) 50 വർഷം തികച്ചാണ് സുത്യർഹമായ സേവനം പൂർത്തിയാക്കിയത്. കൂടാതെ, പൂർവ്വ അധ്യാപകരെയും 80 വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. 1954-ല്‍ എസ്.എസ്.എല്‍.സി. പാസായ ഗുരുനാഥ്, ശിവ സ്വാമി, മനോഹരൻ നായർ എന്നിവർക്ക് പ്രത്യേക ആദരവ് നല്‍കി.സംഗമത്തിന്റെ ഭാഗമായി നടന്ന പുസ്തക ശേഖരണ യജ്ഞം വലിയ വിജയമായി. പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും നല്‍കിയ ഏതാണ്ട് ആയിരത്തോളം പുസ്തകങ്ങള്‍ നിറച്ച ‘പുസ്തക വണ്ടി’, താളങ്ങളുടെ അകമ്ബടിയോടുകൂടി സ്കൂള്‍ ലൈബ്രറിയിലേക്ക് എത്തിച്ചേർന്നു. പുസ്തക ശേഖരണ കമ്മറ്റി ഈ ശേഖരം സ്കൂള്‍ പ്രിൻസിപ്പല്‍ പ്രമോദ് കെ.യെ ഏല്‍പ്പിച്ചു.

പ്രശസ്ത സിനിമാതാരം നന്ദു, സൂര്യ കൃഷ്ണമൂർത്തി, കിരീടം ഉണ്ണി, പൂർവ്വ അധ്യാപകരെ പ്രതിനിധീകരിച്ച്‌ സി. ബാലചന്ദ്രൻ എന്നിവർ യോഗത്തില്‍ സംസാരിച്ചു. തുടർന്ന് മോഡല്‍ സ്കൂളിന് മുന്നില്‍ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും പുതിയ തലമുറയില്‍ പെട്ട കുട്ടികളും ഒത്തുചേർന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോ എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായി മാറി. യോഗത്തില്‍ ഡോ. എ സമ്ബത്ത് അധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് പ്രഭാകർ സ്വാഗതവും ബിന്ദു ഐ. നന്ദിയും പറഞ്ഞു. മോഡല്‍ സ്കൂള്‍ വിദ്യാർത്ഥി നിരീഷിന്റെയും സംഘത്തിന്റെയും നാടൻ പാട്ട് അവതരണം ഈ വർഷത്തെ സംഗമത്തിന്റെ പ്രധാന പ്രത്യേകതയായി. തുടർന്ന് മോഡല്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ആസ്വാദ്യകരമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News