Enter your Email Address to subscribe to our newsletters

Palakkad, 9 നവംബര്‍ (H.S.)
കാട്ടുപന്നി കുറുകെ ചാടിയതോടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
പാലക്കാട് ചിറ്റൂർ റോഡില്‍ കല്ലിങ്കല്‍ ജങ്ഷന് സമീപം ഇന്നലെ രാത്രി 10.50നാണ് അപകടമുണ്ടായത്. മോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍ (23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവരെ പരിക്കുകളോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിത്യന് കാര്യമായ പരിക്കില്ലെങ്കിലും ഋഷി, ജിതിൻ എന്നിവർക്ക് കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാട്ടുപന്നി കുറുകെ ചാടിയാണ് കാർ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കാട്ടുപന്നി കുറുകെ ചാടിയതോടെ കാറിൻ്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിനോട് ചേർന്ന മരത്തിലിടിച്ച് കാർ സമീപത്തെ പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് യുവാക്കളെ കാറില്‍ നിന്ന് പുറത്തെടുത്തത്. രഞ്ജിത്, രോഹൻ, സനൂജ് എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. രക്തം വാർന്ന നിലയിലായിരുന്നു എല്ലാവരും.
നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം പോലീസ് ഉള്‍പ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. ചിറ്റൂരില്‍ പോയി പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. പലയിടത്തായി ജോലി ചെയ്യുന്ന സുഹൃത്തുക്കളായ ആറുപേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്. മരിച്ച സനൂജ് വിദ്യാർഥിയാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR